
ബംഗളുരു: മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ആഴ്ച അവതരിപ്പിച്ച ബജറ്റിൽ രണ്ടു കോടിവരെയുള്ള ഗവണ്മെന്റ് കരാറുകളിൽ മുസ്ലിമുകൾക്ക് നാലുശതമാനം സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായിരിക്കുന്നു. അതിനെ ബിജെപി-ജെഡി എസ്സ് പ്രതിപക്ഷസഖ്യം കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ ബി വൈ വിജയേന്ദ്ര ഒരു പടികൂടി കടന്ന് അത് സർക്കാരി ജിഹാദ് ആണെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് എക്‌സിൽ പോസ്റ്റിട്ടത്. "ഇപ്പോഴത് നാലുശതമാനമാണ്. നാളെ നൂറുശതമാനമായി ഉയരും. ഇത് ഹിന്ദുകൾക്ക് എതിരായുള്ള സിദ്ധരാമയ്യ ഗവണ്മെന്റിന്റെ പുതിയ സർക്കാരി ജിഹാദാണ്. പട്ടികജാതി-പട്ടികവർഗ്ഗ-മറ്റു പിന്നോക്ക വിഭാഗങ്ങളെ അവഗണിച്ചുകൊണ്ട് സിദ്ധരാമയ്യ മുസ്ലിം ജനവിഭാഗത്തെ പ്രീണിപ്പിക്കുകയാണ്" വിജയേന്ദ്ര വിമർശിച്ചു. "വഖഫുമായി ബന്ധപ്പെട്ട ഭൂമി ജിഹാദ്, പാക്കിസ്ഥാൻ സിന്ദാബാദ് വിളിക്കുന്നവരെ പിന്തുണക്കുന്ന ആന്റി നാഷണൽ ജിഹാദ് തുടങ്ങിയവരുടെ തുടർച്ചയാണിത്. വഖഫ് ബോർഡിനും മുസ്ലിങ്ങളുടെ ക്ഷേമത്തിനും ബജറ്റിൽ വൻതുക നീക്കിവെച്ചതിന് പുറമെയാണ് ഈ ആനുകൂല്യം. മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാവിരുദ്ധമാണ്. ജനങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഇത്തരം തീരുമാനങ്ങളെടുക്കേണ്ടത്. ഭരണഘടനാവിരുദ്ധമായ ഈ തീരുമാനത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കും " ബിജെപി നേതാവ് വ്യക്തമാക്കി. " വോട്ടുപിടിച്ച് അധികാരത്തിൽ വരാനാണ് കോൺഗ്രസ്സ് സൗജന്യങ്ങൾ വാഗ്ദാനം ചെയ്തത്. തുഗ്ലക്കിന്റെ പരിഷ്കാരം പോലെയാണത്. അത്തരം അശാസ്ത്രീയ സൗജന്യങ്ങൾ വികസനത്തെ മുരടിപ്പിച്ച് സംസ്ഥാനത്തെ കടക്കെണിയിലാക്കുകയാണെന്നും ബിജെപി അധ്യക്ഷൻ കുറ്റപ്പെടുത്തി.