01:16pm 10 November 2026
NEWS
സ്വകാര്യ മേഖലയ്ക്ക് കൊള്ളയ്ക്കുള്ള വഴിവെട്ടുകയാണ്
സര്‍ക്കാര്‍ ബെന്നി ബെഹനാന്‍ എംപി

08/07/2025  06:18 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സ്വകാര്യ മേഖലയ്ക്ക് കൊള്ളയ്ക്കുള്ള വഴിവെട്ടുകയാണ്  സര്‍ക്കാര്‍ ബെന്നി ബെഹനാന്‍ എംപി
HIGHLIGHTS

പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയ്ക്കു മുന്‍പില്‍ നടത്തിയ ധര്‍ണ്ണാ സമരം ബെന്നി ബഹനാന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ആരോഗ്യ മേഖലയിലെ ശോച്യാവസ്ഥ; ജില്ലയില്‍ 27 കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് മാര്‍ച്ച് സംസ്ഥാന ആരോഗ്യരംഗത്തെ താറുമാറാക്കി സ്വകാര്യ മേഖലയ്ക്ക് കൊള്ളയ്ക്കുള്ള വഴിവെട്ടുകയാണ് സര്‍ക്കാരെന്ന് ബെന്നി ബെനനാന്‍ എംപി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കൊട്ടിഘോഷിച്ച് കൊണ്ടു നടന്ന ആരോഗ്യ മേഖലയുടെ നേട്ടങ്ങള്‍ പൊള്ളയാണെന്ന് സമ്മതിക്കേണ്ട ഗതികേടിലാണ് സര്‍ക്കാരിനെന്നും, സ്വന്തം സര്‍ക്കാരിലെ മന്ത്രി പോലും സര്‍ക്കാര്‍ ആശുപത്രികളെ തള്ളുന്ന സാഹചര്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിപക്ഷ സമരങ്ങളെ അട്ടിമറിക്കാനും, അടിച്ചമര്‍ത്താനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സാധാരണക്കാരന്റെ ആശ്രമായ സര്‍ക്കാര്‍ ആശുപത്രികളെ മരുന്നുകള്‍ പോലും ലഭിക്കാത്ത തരത്തില്‍ ശവപ്പറമ്പാക്കി മാറ്റിയവര്‍ കടലാസുകളിലെ കള്ളക്കണക്കുകള്‍ ജനങ്ങളുടെ മേല്‍ ക്യാപ്‌സ്യൂളുകളാക്കി അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു. 

എറണാകുളം ജില്ലയുടെ ആരോഗ്യമേഖലയില്‍ കളമശേരി മെഡിക്കല്‍ കോളേജിനോട് ചേര്‍ന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉദ്ഘാടനം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച കാന്‍സര്‍ സെന്റര്‍ ഇനിയും തുറന്നിട്ടില്ല. അഞ്ച് വര്‍ഷക്കാലമായി സര്‍ക്കാര്‍ സ്വകാര്യ മേഖലയ്ക്ക് വേണ്ടി കാന്‍സര്‍ സെന്റര്‍ പൂഴ്ത്തിവെക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി, ആയിരക്കണക്കിന് കാന്‍സര്‍ രോഗികളോടുള്ള സര്‍ക്കാരിന്റെ മനോഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നത്. എറണാകുളം ജനറല്‍ ആശുപത്രി, താലൂക്ക് ആശുപത്രികള്‍ അടക്കമുള്ള ആതുര സേവന സംവിധാനങ്ങള്‍ പരാതീനതകളുടെ കൂമ്പാരമാണിപ്പോള്‍. ഇതിനിടെ ജനങ്ങളുടെ സ്വാഭാവിക പ്രതിഷേധം പോലും സഹിക്കാനാകാതെ ഒളിച്ചോടുകയാണ് ആരോഗ്യമന്ത്രിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെപിസിസി ആഹ്വാന പ്രകാരം ബ്ലോക്ക് കേന്ദ്രങ്ങളിലെ കോണ്‍ഗ്രസ് പ്രതിഷേധ പരിപാടിയുടെ എറണാകുളം ജില്ലാ തല ഉദ്ഘാടനം പെരുമ്പാവൂരില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജില്ലയില്‍ 24 കേന്ദ്രങ്ങളിലാണ് സര്‍ക്കാര്‍ ആശുപത്രിക്ക് മുമ്പില്‍ മാര്‍ച്ചും ധര്‍ണയും നടന്നത്. ആലുവയില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും, അങ്കമാലിയില്‍ എഐസിസി സെക്രട്ടറി റോജി എം ജോണ്‍ എംഎല്‍എയും, കുറുപ്പുംപടിയില്‍ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയും, കോതമംഗലത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മനോജ് മൂത്തേടനും, പിറവത്ത് കെപിസിസി ജനറല്‍ സെക്രട്ടറി എസ് അശോകനും, മുളന്തുരുത്തിയില്‍ കെപിസിസി വൈസ് പ്രസിഡന്റ് വി ജെ പൗലോസും, മൂവാറ്റുപുഴയില്‍ ജയ്‌സണ്‍ ജോസഫും, മഞ്ഞള്ളൂരില്‍ ഒ ജെ ജനീഷും, പട്ടിമറ്റത്ത് സി പി ജോയിയും, പുത്തന്‍ കുരിശില്‍ ടി എം സക്കീര്‍ ഹുസൈനും, പറവൂരില്‍ കെ പി ധനപാലനും, വടക്കേക്കരയില്‍ ജിന്റോ ജോണും, വൈപ്പിനില്‍ കെ പി ഹരിദാസും, പള്ളിപ്പുറത്ത് അജയ് തറയിലും, കൊച്ചി നോര്‍ത്തില്‍ ദീപ്തി മേരി വര്‍ഗീസും, കൊച്ചി സൗത്തില്‍ എന്‍ വേണുഗോപാലും, തൃപ്പൂണിത്തുറയില്‍ കെ ബാബു എംഎല്‍എയും, എറണാകുളത്ത് ടി ജെ വിനോദ് എംഎല്‍എയും,  തൃക്കാക്കരയില്‍ ഉമ തോമസ് എംഎല്‍എയും, കളമശ്ശേരിയില്‍ ജമാല്‍ മണക്കാടനും, കരുമാലൂരില്‍ കെപിസിസി ജനറല്‍ സെക്രട്ടറി അബ്ദുല്‍ മുത്തലിബും, നെടുമ്പാശ്ശേരിയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി എം ലിജുവും ഉദ്ഘാടനംനടത്തി.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img