08:11am 01 May 2026
NEWS
സർക്കാർ മികച്ച അഭിഭാഷകരെ ജഡ്ജിമാരാക്കുന്നതിൽ തടസ്സം സൃഷ്ടിക്കുന്നു: ജസ്റ്റിസ് എം.ബി. ലോക്കൂർ
07/08/2025  08:04 AM IST
സുരേഷ് വണ്ടന്നൂർ
സർക്കാർ മികച്ച അഭിഭാഷകരെ ജഡ്ജിമാരാക്കുന്നതിൽ തടസ്സം സൃഷ്ടിക്കുന്നു: ജസ്റ്റിസ് എം.ബി. ലോക്കൂർ

ന്യൂഡൽഹി: മികച്ച അഭിഭാഷകരെ ജഡ്ജിമാരായി നിയമിക്കുന്നതിൽ കേന്ദ്ര സർക്കാർ മനഃപൂർവം തടസ്സങ്ങൾ ഉണ്ടാക്കുന്നുവെന്ന് മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എം.ബി. ലോക്കൂർ വിമർശിച്ചു. ജഡ്ജി നിയമനങ്ങളിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾക്കെതിരെയാണ് അദ്ദേഹം രൂക്ഷ വിമർശനമുന്നയിച്ചത്.

കൊളീജിയം ശുപാർശ ചെയ്യുന്ന പലരുടെയും നിയമനം വൈകിക്കുകയോ, രാഷ്ട്രീയപരമായ കാരണങ്ങളാൽ ഒഴിവാക്കുകയോ ചെയ്യുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. "ഒരു വനിതാ അഭിഭാഷകയുടെ നിയമന നടപടികൾ പൂർത്തിയായിട്ടും സർക്കാർ നിയമനം വൈകിപ്പിച്ചു. ഒടുവിൽ അവർക്ക് സമ്മതം പിൻവലിക്കേണ്ടി വന്നു," അദ്ദേഹം പറഞ്ഞു. അതുപോലെ, ഗുജറാത്ത് ഹൈക്കോടതിയിലെ ചില വിധികൾ കാരണം ജസ്റ്റിസ് അഖിൽ ഖുറേഷിയെ സുപ്രീം കോടതിയിലേക്ക് പരിഗണിക്കാതിരുന്നതും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.
അർഹരായ നിരവധി അഭിഭാഷകർ നിയമനത്തിലെ കാലതാമസം കാരണം തങ്ങളുടെ സമ്മതം പിൻവലിച്ച സംഭവങ്ങളും അദ്ദേഹം ഓർമ്മിപ്പിച്ചു. സീനിയർ അഭിഭാഷകരായ ആദിത്യ സോന്ധി, രാജേഷ് ദത്താർ എന്നിവർ ജൂനിയർമാർക്ക് നിയമനം ലഭിച്ചത് കാരണം പിൻവാങ്ങാൻ നിർബന്ധിതരായെന്നും അദ്ദേഹം വ്യക്തമാക്കി.

"നിയമന പ്രക്രിയ കൊളീജിയത്തിന് മാത്രമായി വിട്ടുകൊടുക്കണമെന്നല്ല എന്റെ അഭിപ്രായം. പക്ഷേ, എക്സിക്യൂട്ടീവ് അതിൽ ഇടപെടുന്നത് പ്രശ്നങ്ങളുണ്ടാക്കും. കഴിവുള്ള അഭിഭാഷകരെ ഒഴിവാക്കുകയും സീനിയോറിറ്റി പോലും പരിഗണിക്കാതെ നിയമനങ്ങൾ നടത്തുകയും ചെയ്യുന്നു," അദ്ദേഹം പറഞ്ഞു. കൊളീജിയം ശുപാർശ ചെയ്യുന്ന പേരുകൾ സർക്കാർ എന്തിനാണ് മടക്കി അയയ്ക്കുന്നത് എന്ന ചോദ്യത്തിന് കൃത്യമായ വിശദീകരണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img