03:11am 08 November 2026
NEWS
തദ്ദേശ സ്ഥാപനങ്ങളെ സര്‍ക്കാര്‍ കബളിപ്പിക്കുന്നു: വി ഡി സതീശന്‍- യുഡിഎഫ് രാപ്പകല്‍ സമരത്തിന് തുടക്കം
04/04/2025  08:19 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
തദ്ദേശ സ്ഥാപനങ്ങളെ സര്‍ക്കാര്‍ കബളിപ്പിക്കുന്നു: വി ഡി സതീശന്‍- യുഡിഎഫ് രാപ്പകല്‍ സമരത്തിന് തുടക്കം

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളെ സംസ്ഥാന സര്‍ക്കാര്‍ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രദേശിക സര്‍ക്കാരുകളെ നിഷ്പ്രഭരാക്കി, അധികാര വികേന്ദ്രീകരണത്തെ കൊന്നു കുഴിച്ചു മൂടിയ സര്‍ക്കാരാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെന്ന് അദ്ദേഹം പറഞ്ഞു. മറൈന്‍ ഡ്രൈവ് വഞ്ചി സ്‌ക്വയറില്‍ യുഡിഎഫ് രാപ്പകല്‍ സമരം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാര വികേന്ദ്രീകരണം രാജ്യത്ത് നടപ്പാക്കിയത് കോണ്‍ഗ്രസാണെന്നും, അതിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചവരാണ് സിപിഎമ്മെന്നും പ്രതിപക്ഷ നേതാവ് ഓര്‍മ്മിപ്പിച്ചു. ആന്റണി സര്‍ക്കാരാണ് കേരളത്തില്‍ ഇത് നടപ്പാക്കിയത്. അതിനെ തെറ്റായ രീതിയില്‍ വളച്ചൊടിച്ചവരാണ് സിപിഎം. അധികാരം ഗ്രാമങ്ങളിലും നഗരങ്ങളിലുമാണ് വേണ്ടതെന്നാണ് മഹാത്മാഗാന്ധി പറഞ്ഞത്, എന്നാലിന്ന് അധികാരം പ്രാദേശിക സര്‍ക്കാരുകളില്‍ നിന്ന് അധികാരം പിടിച്ചെടുക്കുന്ന അവസ്ഥയാണ്. 

തദ്ദേശ സ്ഥാപങ്ങള്‍ക്ക് മൂന്ന് തവണയായി ഫണ്ടുകള്‍ നല്‍കലായിരുന്നു പതിവ്, എന്നാല്‍ കഴിഞ്ഞ വര്‍ഷം രണ്ടാം ഗഡു കൊടുത്തത് വളരെ വൈകിയാണെന്നും, തുടര്‍ന്ന് ട്രഷറി നിയന്ത്രണം ഏര്‍പ്പാടാക്കുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. ജിഎസ്ടിയുടെ വരവോടെ തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് കുറഞ്ഞു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ട ഫണ്ട് സമയാസമയത്ത് നല്‍കുന്നുമില്ല. ഫണ്ടുകള്‍ ഉണ്ടെങ്കിലും അതുപയോഗിക്കാനാകാത്ത അവസ്ഥയില്‍ ആണിപ്പോള്‍. രാജയോഗം ഉണ്ടെങ്കിലും അത് അനുഭവിക്കാന്‍ സാധിക്കാത്ത അവസ്ഥ. മുന്‍ വര്‍ഷങ്ങളിലെ ബാക്കി വരുന്ന ഫണ്ടുകള്‍ അടുത്ത വര്‍ഷം 20 ശതമാനം ഉപയോഗിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും അത് പ്രാവര്‍ത്തികമാക്കിയില്ല. 

കൊച്ചി നഗരസഭയിലും അഴിമതിയുടെ അരങ്ങാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. നഗരസഭ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഒന്നും ചെയ്തിട്ടില്ല. മാര്‍ക്കറ്റ് വികസനം അടക്കമുള്ള കാര്യങ്ങള്‍ സിഎസ്എംഎല്‍ പദ്ധതിയിലാണ് നടപ്പാക്കിയത്. സിഎസ്എംഎല്‍ പദ്ധതി വിഭാവനം ചെയ്തത് യുഡിഎഫാണ്. അമൃത് പദ്ധതിയില്‍ ടാങ്ക് മാത്രമാണ് പണിതത്. വെള്ളം ഇനിയും എത്തിയിട്ടില്ല. യാതൊരു പ്ലാനിങ് ഇല്ലാത്ത നഗരസഭയാണ് കൊച്ചി. മാലിന്യ നീക്കം വരെ കച്ചവടമാക്കി അഴിമതിയുടെ വികസനമാണ് കൊച്ചയില്‍ നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. 

ടി ജെ വിനോദ് എംഎല്‍എ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങള്‍ക്ക് ഈ വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയ തുക ഭീമമായി വെട്ടിക്കുറച്ചതിലും, തദ്ദേശ സ്ഥാപനങ്ങള്‍ക്കു ഭരണഘടനാപരമായി ഉണ്ടായിരുന്ന അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നതിലും പ്രതിഷേധിച്ചാണ് യുഡിഎഫ് സംസ്ഥാന വ്യാപകമായി രാപ്പകല്‍ സമരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ സംഘടിപ്പിച്ചത്. ജില്ലയിലെ 13 മുന്‍. കോര്‍പ്പറേഷന്‍, 87 പഞ്ചായത്തുകള്‍, കൊച്ചി കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലാണ് രാപ്പകല്‍ സമരം നടക്കുന്നത്.  

ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഘടക കക്ഷി നേതാക്കളായ രാജന്‍ ബാബു, പി സി തോമസ്, നിയാസ്, മിനി ജോണ്‍സണ്‍, എം സി ലോറന്‍സ്, കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗം അജയ് തറയില്‍, യുഡിഎഫഅ ജില്ലാ ചെയര്‍മാന്‍ ഡൊമിനിക് പ്രസന്റേഷന്‍, എന്‍ വേണുഗോപാല്‍, ടോണി ചമ്മിണി, തമ്പി സുബ്രഹ്‌മണ്യം, പി ഡി മാര്‍ട്ടിന്‍, സുനില സിബി, ഹെന്‍ട്രി ഓസ്റ്റിന്‍, ജോഷി പള്ളന്‍, ദീപക് ജോയ്, വി കെ മിനിമോള്‍, ലൂഡി ലൂയിസ്, എം ഒ ജോണ്‍, ജോസഫ് ചാണ്ടി തുടങ്ങിയവര്‍ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img