
തിരുവനന്തപുരം: കേരളത്തിൽ ജനിച്ചവർക്ക് തങ്ങളുടെ വ്യക്തിത്വം തെളിയിക്കുന്നതിനായി ഫോട്ടോ പതിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിവിധ സർക്കാർ സേവനങ്ങൾക്കായി ഓരോ തവണയും പ്രത്യേക സർട്ടിഫിക്കറ്റുകൾ വാങ്ങേണ്ടി വരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ ഈ കാർഡ് സഹായകരമാകും.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ആശങ്കകൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഒരു മലയാളിപോലും പുറന്തള്ളപ്പെടാത്ത സാഹചര്യം ഉറപ്പാക്കാനാണ് ഈ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
കാർഡിന്റെ പ്രധാന സവിശേഷതകൾ:
ആധികാരിക രേഖ: കേരളത്തിൽ ജനിച്ചതാണെന്നും ഇവിടെ ദീർഘകാലമായി താമസിക്കുന്നതാണെന്നും തെളിയിക്കാനുള്ള നിയമപരമായ രേഖയാണിത്
സ്ഥിരം സംവിധാനം:
ഓരോ ആവശ്യത്തിനും വില്ലേജ് ഓഫീസുകളിൽ കയറി ഇറങ്ങി പുതിയ നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾ വാങ്ങേണ്ട അവസ്ഥ ഇതോടെ ഇല്ലാതാകും.
വിതരണ ചുമതല:
തഹസിൽദാർമാർക്കായിരിക്കും കാർഡ് വിതരണത്തിന്റെ ഉത്തരവാദിത്തം.
നിയമ പ്രാബല്യം: കാർഡിന് നിയമപരമായ സംരക്ഷണം നൽകുന്നതിനായി റവന്യൂ വകുപ്പ് നിയമ വകുപ്പുമായി ചേർന്ന് കരട് നിയമം തയ്യാറാക്കും.
"സ്വന്തം അസ്തിത്വം തെളിയിക്കാൻ ജനങ്ങൾ പ്രയാസമനുഭവിക്കേണ്ടി വരുന്നത് ആശങ്കാജനകമാണ്. ആധാർ ഉണ്ടെങ്കിലും പലർക്കും ഭീതിയുണ്ട്. അവർക്ക് കേരളീയനെന്ന് തെളിയിക്കാൻ ഈ കാർഡ് കരുത്തുപകരും."











