
തിരുവനന്തപുരം: സർക്കാർ അഭിഭാഷകരുടെ ശബളം വർദ്ധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 2022 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് ശമ്പള വർധനവ്. ജില്ലാ സർക്കാർ പ്ലീഡർമാർക്കും പബ്ലിക് പ്രോസിക്യൂട്ടർമാർക്കും, അഡീഷണൽ സർക്കാർ പ്ലീഡർമാർക്കും, മുനിസിഫ് കോടതികളിലെ സർക്കാർ അഭിഭാഷകർക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
പുതിയ നിരക്ക് അനുസരിച്ച്, ജില്ലാ സർക്കാർ പ്ലീഡർമാരുടെയും പബ്ലിക് പ്രോസിക്യൂട്ടർമാരുടെയും പ്രതിമാസ ഓണറേറിയം ₹87,500-ൽ നിന്ന് ₹1,10,000 ആയി ഉയരും. അഡീഷണൽ സർക്കാർ പ്ലീഡർമാരുടെയും പബ്ലിക് പ്രോസിക്യൂട്ടർമാരുടെയും ശമ്പളം ₹75,000-ൽ നിന്ന് ₹95,000 ആയും കൂടും. മുനിസിഫ് കോടതികളിലെ സർക്കാർ അഭിഭാഷകർക്ക് ₹20,000-ൽ നിന്ന് ₹25,000 ആയാണ് വർദ്ധനവ്.
2022 ജനുവരി മുതൽ 2024 ഡിസംബർ വരെയുള്ള കുടിശ്ശികയും ലഭിക്കും. ജില്ലാ സർക്കാർ പ്ലീഡർമാർക്കും പബ്ലിക് പ്രോസിക്യൂട്ടർമാർക്കും ₹8.10 ലക്ഷം രൂപയും, അഡീഷണൽ സർക്കാർ പ്ലീഡർമാർക്ക് ₹7.20 ലക്ഷം രൂപയും, മുനിസിഫ് കോടതികളിലെ അഭിഭാഷകർക്ക് ₹1.80 ലക്ഷം രൂപയും കുടിശ്ശികയായി ലഭിക്കും.
അഭിഭാഷകരുടെ ദീർഘകാലമായുള്ള ആവശ്യം പരിഗണിച്ചാണ് ഈ തീരുമാനമെന്ന് സർക്കാർ അറിയിച്ചു.











