
കൊച്ചി: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമാകുന്നു. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾക്ക് പുറമെ കീമോതെറാപ്പിക്കും അപസ്മാരത്തിനും ഉപയോഗിക്കുന്ന മരുന്നുകൾക്കും പല ആശുപത്രികളിലും ആവശ്യത്തിന് സ്റ്റോക്കില്ലെന്നാണ് വിവരം. പ്രതിസന്ധി മറികടക്കാൻ ലോക്കൽ പർച്ചേസ് വഴി അടിയന്തരമായി മരുന്നുകൾ വാങ്ങാനാണ് ആശുപത്രികൾക്ക് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്.
എന്നാൽ, സർക്കാർ ആശുപത്രികളിൽ നിന്ന് ലഭിക്കാനുള്ള വൻതുകയുടെ കുടിശ്ശികയാണ് ലോക്കൽ പർച്ചേസിനും തിരിച്ചടിയാകുന്നത്. കോടികളുടെ കുടിശ്ശിക നിലനിൽക്കുന്നതിനാൽ സ്വകാര്യ മരുന്ന്-ഉപകരണ വിതരണക്കാർ പുതിയ വിതരണം നടത്താൻ മടിക്കുകയാണ്. ഇതോടെ ആവശ്യമായ മരുന്നുകൾ അപ്പപ്പോൾ പണം നൽകി വാങ്ങേണ്ട സാഹചര്യമാണുള്ളത്.
മെഡിക്കൽ കോളജ് ആശുപത്രികൾക്ക് പുറമെ പ്രധാന ജനറൽ, ജില്ലാ ആശുപത്രികൾക്കും വൻതുക നൽകാനുണ്ട്. പല ആശുപത്രികളുടെയും കുടിശ്ശിക 100 കോടി രൂപയ്ക്ക് മുകളിലാണ്. തിരുവനന്തപുരം, എറണാകുളം ജനറൽ ആശുപത്രികൾക്ക് മാത്രം ഏകദേശം 120 കോടി രൂപയുടെ കുടിശ്ശികയുള്ളതായാണ് വിവരം. കാരുണ്യ പദ്ധതി വഴി സൗജന്യ ചികിത്സ നൽകിയ വകയിലും സർക്കാർ ആശുപത്രികൾക്ക് ലഭിക്കാനുള്ള കോടികൾ കുടിശ്ശികയായി തുടരുകയാണ്.
നിലവിലെ പ്രതിസന്ധിക്കിടെ അടുത്തയാഴ്ചയോടെ പുതിയ മരുന്ന് സ്റ്റോക്ക് എത്തുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. എന്നാൽ സ്റ്റോക്ക് സമയബന്ധിതമായി എത്തിയില്ലെങ്കിൽ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്ന് ആശുപത്രി അധികൃതർ വകുപ്പിനെ അറിയിച്ചിട്ടുണ്ട്.
കുടിശ്ശികയുടെ ഒരു ഭാഗം വൺ ടൈം സെറ്റിൽമെന്റ് വഴി തീർപ്പാക്കാനുള്ള നടപടികളും സർക്കാർ പരിഗണിക്കുന്നുണ്ട്. പർച്ചേസ് ഓർഡർ നൽകിയ മരുന്നുകളുടെ വിതരണം വേഗത്തിലാക്കാനും നിർദേശം നൽകിയിട്ടുണ്ട്. ചില മരുന്നുകൾക്ക് വീണ്ടും ടെൻഡർ നടപടികൾ സ്വീകരിക്കേണ്ടിവന്നതാണ് വിതരണത്തിൽ കാലതാമസമുണ്ടാകാൻ കാരണമായതെന്നും അധികൃതർ പറയുന്നു.
അതേസമയം, കുടിശ്ശിക അടിയന്തരമായി തീർപ്പാക്കിയില്ലെങ്കിൽ സർക്കാർ ആശുപത്രികളിലെ മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും വിതരണം വീണ്ടും വീണ്ടും തടസ്സപ്പെടാനുള്ള സാധ്യതയുണ്ട്. രോഗികൾക്ക് നേരിട്ട് ബാധിക്കുന്ന പ്രതിസന്ധി ഒഴിവാക്കാൻ അടിയന്തര ഇടപെടൽ വേണമെന്നാണ് ആശുപത്രി അധികൃതരുടെ ആവശ്യം.










