11:43pm 03 July 2026
NEWS
കശുഅണ്ടി ഇറക്കുമതി അഴിമതി: ആർ. ചന്ദ്രശേഖരനെയും കെ.എ. രതീഷിനെയും വിചാരണ ചെയ്യാൻ സർക്കാർ അനുമതി; ഹൈക്കോടതിയെ അറിയിച്ചു
03/07/2026  09:35 AM IST
ന്യൂസ് ബ്യൂറോ
കശുഅണ്ടി ഇറക്കുമതി അഴിമതി: ആർ. ചന്ദ്രശേഖരനെയും കെ.എ. രതീഷിനെയും വിചാരണ ചെയ്യാൻ സർക്കാർ അനുമതി; ഹൈക്കോടതിയെ അറിയിച്ചു

​കൊച്ചി: കശുഅണ്ടി ഇറക്കുമതി അഴിമതിക്കേസിലെ മുഖ്യപ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സി.ബി.ഐക്ക് അനുമതി നൽകിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഐ.എ.ൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റും കശുഅണ്ടി വികസന കോർപ്പറേഷൻ മുൻ ചെയർമാനുമായ ആർ. ചന്ദ്രശേഖരൻ, കോർപ്പറേഷൻ മുൻ മാനേജിംഗ് ഡയറക്ടർ കെ.എ. രതീഷ് എന്നിവരെ വിചാരണ ചെയ്യാനാണ് ഒടുവിൽ സർക്കാർ പച്ചക്കൊടി കാട്ടിയത്.
​അനുമതി ഉത്തരവിന്റെ പകർപ്പ് കോടതിയിൽ ഹാജരാക്കാൻ രണ്ടുദിവസത്തെ സാവകാശം വേണമെന്ന സർക്കാരിന്റെ ആവശ്യം ജസ്റ്റിസ് എ. ബദറുദ്ദീൻ അംഗീകരിച്ചു. കേസ് അടുത്ത ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും.
​കോടതി വിമർശനത്തിന് പിന്നാലെ നടപടി
​2020-ൽ തന്നെ പ്രതികളെ വിചാരണ ചെയ്യാൻ സി.ബി.ഐ വ്യവസായ വകുപ്പിന്റെ അനുമതി തേടിയിരുന്നെങ്കിലും കഴിഞ്ഞ സർക്കാർ അത് നിരാകരിക്കുകയായിരുന്നു. ഇതിനെതിരെ ഹർജിക്കാരനായ കടകംപള്ളി മനോജ് ഹൈക്കോടതിയെ സമീപിച്ചു. തീരുമാനം പുനഃപരിശോധിക്കാൻ കോടതി രണ്ടുതവണ നിർദ്ദേശിച്ചിട്ടും മുൻ സർക്കാർ അനുമതി നൽകാൻ തയ്യാറായിരുന്നില്ല.
​കോടതി ലക്ഷ്യ നടപടികളിലേക്ക് നീങ്ങുമെന്ന ഘട്ടത്തിൽ ഹൈക്കോടതിയിൽ നിന്ന് കടുത്ത വിമർശനമാണ് സർക്കാരിന് നേരിടേണ്ടി വന്നത്. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന മുഹമ്മദ് ഹനീഷിനെ കോടതി നേരിട്ട് താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ സർക്കാർ പ്രൊസിക്യൂഷൻ അനുമതി നൽകാൻ തീരുമാനിച്ചത്.
​കേസിലെ മറ്റ് പ്രതികളിൽ ഒരാളായ മുൻ ചെയർമാൻ ഇ. കാസിം (2006-2011) മരണപ്പെട്ടതിനാൽ അദ്ദേഹത്തെ കേസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജെ.എം.ജെ എന്ന സ്വകാര്യ സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ ജയ്‌മോൻ ജോസഫാണ് കേസിലെ മറ്റൊരു പ്രതി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img