മുവാറ്റുപുഴ- കൂത്താട്ടുകുളം ബൈപാസ് റോഡ് പദ്ധതിക്ക് പുതുജീവൻ. മാത്യു കുഴൽനാടൻ എംഎൽഎ മുഖ്യമന്ത്രി വി.ഡി സതീശന് നൽകിയ നിവേദനത്തെ തുടർന്നാണ് പദ്ധതി പുനരാരംഭിക്കുന്നത്.
മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് നിർമ്മാണ ഏജൻസിയായ കെ.ആർ.എഫ്.ബി പദ്ധതിയുടെ നിർമ്മാണത്തിന് ആവശ്യമായ പ്രാരംഭ നടപടികൾ ആരംഭിച്ചതായി മാത്യു കുഴൽനാടൻ എംഎൽഎ അറിയിച്ചു.
15.6 മീറ്റർ നീളത്തിലും 20 മീറ്റർ വീതിയിലുമാണ് പുതിയ റോഡ് നിർമ്മിക്കുന്നത്. റോഡിന്റെ ഗ്രേഡിയന്റ് അടക്കമുള്ള റോഡ് ജോമേട്രിക്സും അലൈൻമെന്റെ ഫീസിബിലിറ്റിയും പരിശോധിക്കുന്നതിനായി കിഫ്‌ബി ടിആർസി സംഘം ഉടൻ എത്തും.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പരിഗണനയിൽ ഉണ്ടായിരുന്ന പദ്ധതിയാണ് ഇത്. മാത്യു കുഴൽനാടൻ എംഎൽഎ ആയതിന് ശേഷം നിരന്തരമായി ഇടപെടൽ നടത്തി 450 കോടി രൂപ കിഫ്‌ബിയിൽ നിന്ന് അനുവദിപ്പിച്ചിരുന്നു.
എംസി റോഡിൽ മൂവാറ്റുപുഴ – കൂത്താട്ടുകുളം ഭാഗത്തിന് സമാന്തരമായി 15.6 കിലോമീറ്റർ നീളത്തിൽ റോഡ് വീതി കൂട്ടി പുനർ നിർമിക്കുന്നത് എംസി റോഡിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാകും.
പുതിയ സർക്കാർ അധികാരമേറ്റതിനെ തുടർന്ന് മുവാറ്റുപുഴ മണ്ഡലത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് അനിവാര്യമായ വിവിധ പദ്ധതികൾ അനുവദിച്ചു നൽകണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് മാത്യു കുഴൽനാടൻ എംഎൽഎ വിശദമായ നിവേദനം ആഗസ്റ്റ് മാസത്തിൽ മുഖ്യമന്ത്രിക്ക് നൽകിയിരുന്നു. മുഖ്യമന്ത്രി മുവാറ്റുപുഴ സന്ദർശിച്ചപ്പോൾ മുവാറ്റുപുഴ ജില്ലയുടെ രൂപീകരണം ഉൾപ്പെടെയുള്ള പദ്ധതികൾ അനുവദിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടിരുന്നു.
മുവാറ്റുപുഴ ജില്ല രൂപീകരണം ഗൗരവമായി പരിഗണിക്കുമെന്നും ഉടൻ തന്നെ ഡിലിമിറ്റേഷൻ കമ്മിറ്റിയെ നിയമിക്കുമെന്നും മുഖ്യമന്ത്രി എംഎൽഎയുടെ സാന്നിധ്യത്തിൽ തന്നെ പ്രഖ്യാപിച്ചു. നിവേദനത്തിൽ പറഞ്ഞിരിക്കുന്ന മറ്റു പ്രധാന പദ്ധതികളായ ജനറൽ ആശുപത്രിയുടെ മാസ്റ്റർ പ്ലാൻ നടപ്പാക്കൽ, മുവാറ്റുപുഴ കാക്കനാട് ബൈപ്പാസ് റോഡ് പദ്ധതി, കടാതി കാരക്കുന്നം ബൈപ്പാസ് പദ്ധതി, മുവാറ്റുപുഴ യൂറോപ്യൻ മാർക്കറ്റിന്റെ സമഗ്ര വികസനം എന്നീ പദ്ധതികളും സമയബന്ധിതമായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി എം എൽ എ അറിയിച്ചു.








