06:22pm 13 September 2026
NEWS
സർക്കാർ ഉദ്യോഗസ്ഥരും അവധി ആനുകൂല്യങ്ങളും: അറിയേണ്ട ചില കാര്യങ്ങൾ
14/03/2026  07:50 AM IST
എൻ.എസ്. അലക്‌സാണ്ടർ
സർക്കാർ ഉദ്യോഗസ്ഥരും അവധി ആനുകൂല്യങ്ങളും: അറിയേണ്ട ചില കാര്യങ്ങൾ

കേരളത്തിലെ സർക്കാർ ജീവനക്കാർ ഇപ്പോഴത്തെ സ്ഥിതിയിൽ ഓരോ വർഷവും പൂർണ്ണശമ്പളത്തോടുകൂടി അനുഭവിക്കുന്ന അവധി ആനുകൂല്യങ്ങൾ കാണുക:-

1. 52- ഞായറാഴ്ച, 12- രണ്ടാം ശനിയാഴ്ച, മറ്റ് പൊതു അവധി ദിവസങ്ങൾ എന്നിവ ഉൾപ്പെടെ ഒരു വർഷത്തിൽ ശരാശരി പൊതു അവധി ദിവസങ്ങൾ 90.
2. കാഷ്വൽ ലീവ്.
3. ഏൺഡ് ലീവ്.
4. ഹാഫ് പേ ലീവ്-20, ഫുൾ പേ ആന്റ് അലവൻസോടുകൂടി കമ്മ്യൂട്ട് ചെയ്ത് കമ്മ്യൂട്ടഡ് ലീവ് എന്ന പേരിൽ 10 ദിവസം, അങ്ങനെ ആകെ 90+20+33+10=153 ദിവസം.

ഇനി ആഴ്ചയിൽ 5 ദിവസം എന്ന കണക്കിൽ എല്ലാ ശനിയാഴ്ചയും അവധി ദിവസം ആക്കിയാൽ അങ്ങനെ വരുന്നത് 52 ശനിയാഴ്ചയും. ഇതിൽ ഇപ്പോൾ തന്നെ ലഭിക്കുന്ന 12- രണ്ടാം ശനിയാഴ്ച കഴിച്ചാൽ 52-12= 40 ദിവസം കൂടി അവധിയാകും. അങ്ങനെ വരുമ്പോൾ ഈ പദ്ധതി നടപ്പിലാക്കിയാൽ മുകളിൽ പറഞ്ഞ 153+40= 193 അവധിയാകും. അതായത് 365-193=172 ദിവസം മാത്രമാകും ജോലി.
30 ദിവസത്തെ ഏൺഡ് ലീവ് അവയിൽ ചെയ്യാതെ അത് സറണ്ടർ ചെയ്ത് ഫുൾ സാലറി വാങ്ങുന്ന ഉദ്യോഗസ്ഥർ അത്രയും ദിവസം ജോലി ചെയ്യേണ്ടി വരും. അപ്പോൾ അവധി 193-30=163 ആകും. അങ്ങനെ വരുമ്പോൾ ഇക്കൂട്ടർ മുകളിൽ പറഞ്ഞ 172+30= 202 ദിവസം ജോലി ചെയ്യുന്നതിന് 13 മാസത്തെ ശമ്പളവും ലഭിക്കും.

മഹാഭൂരിഭാഗം ഉദ്യോഗസ്ഥരും ഈ രീതിയാണ് സ്വീകരിക്കുക.

ഇതിൽ തന്നെ രാവിലെ 10 മണി മുതൽ 5 മണിവരെ ജോലി ചെയ്യുന്ന എത്ര പേരുണ്ട്? ജനങ്ങൾക്ക് ആകെ ഒരു വർഷം ലഭിക്കുന്ന സേവനം എത്ര മണിക്കൂർ?

ഇതൊന്നും ഇവിടുത്തെ ജനങ്ങളെ രക്ഷിക്കാൻ ജീവിക്കുന്ന ബുദ്ധിജീവികളോ സാമൂഹ്യപരിഷ്‌കർത്താക്കളോ ചിന്തിക്കുകയോ പറയുകയോ ചെയ്യില്ല. കാരണം അങ്ങനെ പറഞ്ഞാൽ ഇവിടെ വിപ്ലവം നടപ്പിലാകില്ല.

5 ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാരുടെയും അവരുടെ കുടുംബാംഗങ്ങൾ ഉൾപ്പെടുന്നവരുടെയുമായി ചുരുങ്ങിയത് 15 മുതൽ 20 ലക്ഷത്തോളം വോട്ടുകൾ തങ്ങൾക്ക് തന്നെ ലഭിക്കുമെന്നുള്ള ഉറപ്പിൽ അവധികൾ കുറയ്ക്കാൻ പാടില്ല എന്ന ജീവനക്കാരുടെ ഉത്തരവ് അനുസരിച്ച് ഉടൻതന്നെ ഈ സ്ഥിതിവിശേഷം ഇവർ നടപ്പിലാക്കാനാണ് സാധ്യത. അതുകൊണ്ടല്ലെങ്കിൽ പിന്നെ എന്തിനുവേണ്ടി ഇലക്ഷൻ പടിവാതിൽക്കൽ എത്തിനിൽക്കുന്ന ഈ സമയം തിരഞ്ഞെടുത്തു എന്ന് ഭരണക്കാർ മറുപടി പറയണം.

ഉദ്യോഗസ്ഥർ കൃത്യസമയത്ത് ഓഫീസിൽ എത്തുമെന്നും, ഓഫീസിൽ ഉള്ള സമയം അത്രയും കൃത്യമായി ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും, അഴിമതി തടയുന്നതിനും ആയി എല്ലാ സർക്കാർ ഓഫീസുകളിലും പരാജയപ്പെട്ടുപോയ പഞ്ചിംഗ് സിസ്റ്റത്തിന് പകരം സി.സി.ടി.വി സ്ഥാപിച്ചാൽ മാത്രം മതി. പക്ഷേ അതിന് ഭരണാധികാരികൾക്ക് നട്ടെല്ല് സ്വന്തം ശരീരത്തിൽ തന്നെ ഉണ്ടാവണം. തുച്ഛമായ വരുമാനം മാത്രമുള്ള ആശാവർക്കർമാർ, അംഗവൻവാടി ജീവനക്കാർ തുടങ്ങി ദരിദ്രവിഭാഗത്തിൽപ്പെട്ട ദിവസവേതനക്കാർക്ക് വെറും നക്കാപ്പിച്ച സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കുന്നതിന്, അവർ നടത്തിയ സമരങ്ങളെ അധിക്ഷേപിക്കുകയും പുച്ഛിക്കുകയും കോരിച്ചൊരിയുന്ന മഴയത്ത് സമരപ്പന്തൽ പൊളിച്ച് ദ്രോഹിക്കുകയും ചെയ്ത വിപ്ലവകാരികളായ ഭരണാധികാരികൾ ആണ് വെള്ളക്കോളർക്കാരുടെ സംഘടിതശക്തിക്ക് മുന്നിൽ മുട്ടുമടക്കി സാഷ്ടാംഗം പ്രണാമം ചെയ്ത് വോട്ടിനുവേണ്ടി പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img