08:09am 10 November 2026
NEWS
48 മണിക്കൂറിലധികം കസ്റ്റഡിയിൽ കഴിഞ്ഞാൽ സർക്കാർ ജീവനക്കാരന് സ്വമേധയാ സസ്‌പെൻഷൻ; പ്രത്യേക ഉത്തരവ് വേണ്ടെന്ന് സുപ്രീംകോടതി
10/11/2026  07:59 AM IST
നിയമകാര്യ ലേഖകൻ
48 മണിക്കൂറിലധികം കസ്റ്റഡിയിൽ കഴിഞ്ഞാൽ സർക്കാർ ജീവനക്കാരന് സ്വമേധയാ സസ്‌പെൻഷൻ; പ്രത്യേക ഉത്തരവ് വേണ്ടെന്ന് സുപ്രീംകോടതി

 

 

 

 

ന്യൂഡൽഹി: സർക്കാർ ജീവനക്കാരൻ അറസ്റ്റിലായി 48 മണിക്കൂറിലധികം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞാൽ നിയമപ്രകാരം സസ്‌പെൻഷനിലായതായി കണക്കാക്കപ്പെടുമെന്നും ഇതിനായി പ്രത്യേക സസ്‌പെൻഷൻ ഉത്തരവ് ആവശ്യമില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിൽ പ്രതിയായ ബിഹാറിലെ സമസ്തിപുർ സദർ ആശുപത്രിയിലെ മാനേജർ/അഡ്മിനിസ്‌ട്രേറ്ററുടെ ജാമ്യം പുനഃസ്ഥാപിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാലയും മൻമോഹനും അടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. സസ്‌പെൻഷൻ പിൻവലിച്ചതിനെത്തുടർന്ന് പ്രതിയെ അതേ ആശുപത്രിയിൽ അതേ തസ്തികയിൽ തിരിച്ചുനിയമിച്ചതിലും കോടതി ആശങ്ക പ്രകടിപ്പിച്ചു.
പരാതിക്കാരന്റെ കുടിശ്ശിക വേതനമായ 36,421 രൂപ അനുവദിക്കുന്നതിന് 4,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം. അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 7(ബി) പ്രകാരമാണ് കേസെടുത്തത്. അറസ്റ്റിനെത്തുടർന്ന് ഏകദേശം 15 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ പ്രതിക്ക് പിന്നീട് സെഷൻസ് കോടതി ജാമ്യം അനുവദിച്ചു.
ഈ ജാമ്യ ഉത്തരവിനെതിരെ പരാതിക്കാരൻ പട്‌ന ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ജാമ്യം റദ്ദാക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കാൻ നിർദേശിക്കുകയും ചെയ്തു. ഇതിനെത്തുടർന്നാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്.
സെഷൻസ് കോടതി ജാമ്യം അനുവദിച്ച് ഏകദേശം ഒരു വർഷത്തിനുശേഷമാണ് ഹൈക്കോടതി ഇടപെട്ടതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കൈക്കൂലിത്തുക തുച്ഛമാണെന്ന സെഷൻസ് കോടതിയുടെ പരാമർശമാണ് ഹൈക്കോടതിയുടെ തീരുമാനത്തെ സ്വാധീനിച്ചതെന്നാണ് ഉത്തരവിൽനിന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നതെന്നും ബെഞ്ച് നിരീക്ഷിച്ചു.
ജാമ്യം അനുവദിക്കണമോ എന്ന് തീരുമാനിക്കുമ്പോൾ കൈക്കൂലിത്തുകയുടെ അളവ് പ്രസക്തമായ ഘടകമല്ലെന്ന ഹൈക്കോടതിയുടെ നിലപാട് ശരിയായിരിക്കാമെങ്കിലും പ്രതിയെ ജാമ്യത്തിൽ തുടരാൻ അനുവദിക്കാമായിരുന്നുവെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഇത്തരം കേസുകളിൽ കുറ്റം തെളിഞ്ഞാൽ ലഭിക്കാവുന്ന പരമാവധി ശിക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ച് സാധാരണയായി ജാമ്യം അനുവദിക്കാവുന്നതാണെന്നും കോടതി വിശദീകരിച്ചു. എന്നാൽ മുൻകാല കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമോ അതീവ ഗൗരവമുള്ള വസ്തുതകളോ ഉണ്ടെങ്കിൽ പ്രതിക്ക് അനുകൂലമായി വിവേചനാധികാരം വിനിയോഗിക്കാൻ കോടതി വിസമ്മതിച്ചേക്കാം.
തുടർന്ന് ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി, സെഷൻസ് കോടതി അനുവദിച്ച ജാമ്യം പുനഃസ്ഥാപിച്ചു.
പ്രതിയുടെ സർവീസ് നിലയും കോടതി പ്രത്യേകം പരിശോധിച്ചു. ഏകദേശം 15 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞതിനാൽ അദ്ദേഹം നിയമപ്രകാരം സസ്‌പെൻഷനിലായതായി കണക്കാക്കപ്പെടുമെന്ന് ബെഞ്ച് നിരീക്ഷിച്ചു.
പ്രതിയെ ആദ്യം സസ്‌പെൻഡ് ചെയ്തിരുന്നെന്നും പിന്നീട് സസ്‌പെൻഷൻ പിൻവലിച്ചെന്നും സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അതേ ആശുപത്രിയിൽ അതേ തസ്തികയിൽ വീണ്ടും നിയമിച്ച നടപടി ആശങ്കാജനകമാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, ഇക്കാര്യം സംസ്ഥാന സർക്കാർ എത്രയും വേഗം പരിശോധിക്കണമെന്ന് നിർദേശിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img