10:39pm 12 November 2026
NEWS
മെഡിസെപ്പിൽ 'കാഴ്ച' നിഷേധിച്ച് സർക്കാർ; പെൻഷൻകാർ ഇരുട്ടിലേക്ക്, പ്രതിഷേധം ഇരമ്പുന്നു
09/02/2026  09:22 AM IST
സുരേഷ് വണ്ടന്നൂർ
മെഡിസെപ്പിൽ കാഴ്ച നിഷേധിച്ച് സർക്കാർ; പെൻഷൻകാർ ഇരുട്ടിലേക്ക്, പ്രതിഷേധം ഇരമ്പുന്നു

​തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും കണ്ണീരൊപ്പി നടപ്പിലാക്കിയ മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതിയിൽ കടുത്ത വെട്ടിനിരത്തൽ. അന്ധത തടയാനുള്ള നിർണ്ണായക ചികിത്സയായ എ.എം.ഡി (Age-related Macular Degeneration) കുത്തിവയ്പ്പുകൾ പുതിയ ഘട്ടത്തിൽ (മെഡിസെപ് 2.0) നിന്ന് ഒഴിവാക്കി. സർക്കാരിന്റെയും ഇൻഷുറൻസ് കമ്പനിയുടെയും ഈ ക്രൂരമായ നടപടിക്കെതിരെ ജീവനക്കാർക്കിടയിലും പെൻഷൻകാർക്കിടയിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്.

​പെൻഷൻകാരെ ബലിനൽകി ലാഭക്കൊയ്ത്ത്

​പ്രായമായവരെ ബാധിക്കുന്ന എ.എം.ഡി രോഗത്തിന് കൃത്യസമയത്ത് ഇൻട്രാവിട്രിയൽ കുത്തിവയ്പ്പ് എടുത്തില്ലെങ്കിൽ കാഴ്ച പൂർണ്ണമായും നഷ്ടപ്പെടും. മുൻപ് ഒരു വർഷം ആറ് കുത്തിവയ്പ്പുകൾക്ക് വരെയായി 99,000 രൂപ ആനുകൂല്യം ലഭിച്ചിരുന്ന സ്ഥാനത്താണ് ഇപ്പോൾ പാവപ്പെട്ട പെൻഷൻകാരെ അന്ധതയിലേക്ക് തള്ളിവിട്ടുകൊണ്ട് ഈ ആനുകൂല്യം റദ്ദാക്കിയിരിക്കുന്നത്.

​മെഡിസെപ്പിന്റെ ആദ്യഘട്ടത്തിൽ ഏറ്റവും കൂടുതൽ തുക ചിലവായ 10 ചികിത്സകളിൽ ഒന്നാണിത്. ചെലവ് കുറച്ച് ലാഭം കൊയ്യാൻ ഇൻഷുറൻസ് കമ്പനിയും സർക്കാരും ചേർന്ന് പെൻഷൻകാരെ ബലിമൃഗങ്ങളാക്കുകയാണെന്ന് ആക്ഷേപമുയരുന്നു.

​മറ്റെല്ലായിടത്തും പരിരക്ഷ; മെഡിസെപ്പിൽ മാത്രം വിവേചനം

​കേന്ദ്ര സർക്കാർ ജീവനക്കാരുടെ CGHS, സൈനികരുടെ ECHS, വി.എസ്.എസ്.സി പെൻഷൻ പദ്ധതികൾ എന്നിവയിലെല്ലാം ഈ ചികിത്സയ്ക്ക് പരിരക്ഷ നൽകുമ്പോഴാണ് കേരളത്തിലെ സർക്കാർ ജീവനക്കാരോട് ഈ വിവേചനം കാട്ടുന്നത്. സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ പോലും നൽകുന്ന പരിരക്ഷയാണ് മെഡിസെപ്പിൽ നിഷേധിക്കപ്പെടുന്നത്.

​പ്രതിഷേധം ശക്തം

കൂടിയാലോചനകളില്ലാതെ എടുത്ത ഈ തീരുമാനം അങ്ങേയറ്റം മനുഷ്യത്വരഹിതമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
​"സുതാര്യത ഉറപ്പാക്കാനുള്ള സർക്കാർ നിർദ്ദേശങ്ങൾ അംഗീകരിക്കാൻ ആശുപത്രികൾ തയ്യാറായിട്ടും, സുപ്രധാനമായ ഈ ചികിത്സ നിഷേധിച്ചത് പ്രതിഷേധാർഹമാണ്."

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img