07:37am 19 July 2026
NEWS
ലഹരിക്കെതിരെ കർശന നീക്കം; സംസ്ഥാനത്ത് സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് സർക്കാർ അംഗീകാരം
18/07/2026  06:20 PM IST
NILA
ലഹരിക്കെതിരെ കർശന നീക്കം; സംസ്ഥാനത്ത് സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് സർക്കാർ അംഗീകാരം

 

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും മയക്കുമരുന്ന് കടത്തിനുമെതിരെ കൂടുതൽ ശക്തമായ നടപടി ഉറപ്പാക്കാൻ എക്സൈസ് വകുപ്പിന് കീഴിൽ 'സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ' രൂപീകരിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവും പുറത്തിറങ്ങി. നികുതി-എൻഫോഴ്‌സ്‌മെന്റ് ചുമതലകൾ ഒരുമിച്ച് നിർവഹിക്കുന്ന നിലവിലെ സംവിധാനത്തിലെ പരിമിതികൾ മറികടന്ന് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക എന്നതാണ് പുതിയ ബ്യൂറോയുടെ ലക്ഷ്യം.

എക്സൈസ് ഡയറക്ടറേറ്റിലായിരിക്കും ബ്യൂറോയുടെ ആസ്ഥാനം പ്രവർത്തിക്കുക. എക്സൈസ് കമ്മിഷണർ തന്നെയാകും ബ്യൂറോയുടെ തലവനും. പുതിയ തസ്തികകൾ സൃഷ്ടിക്കാതെ നിലവിലുള്ള ജീവനക്കാരെ പുനർവിന്യസിച്ചാണ് സംവിധാനം ഒരുക്കുന്നത്. ഇതിനായി 367 തസ്തികകൾ പുനർവിന്യസിക്കുകയും 22 ഉദ്യോഗസ്ഥർക്ക് അധിക ചുമതല നൽകുകയും ചെയ്തിട്ടുണ്ട്. സ്റ്റേറ്റ് എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് ഉൾപ്പെടെയുള്ള പ്രത്യേക വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെയാണ് പ്രധാനമായും ബ്യൂറോയിൽ വിന്യസിക്കുക.

ലഹരി മാഫിയയെ കണ്ടെത്താനും തകർക്കാനും അത്യാധുനിക സാങ്കേതികവിദ്യകൾ ബ്യൂറോ ഉപയോഗിക്കും. സൈബർ സുരക്ഷ, എത്തിക്കൽ ഹാക്കിങ്, ഡിജിറ്റൽ ഫോറൻസിക്, ഡാറ്റ അനലിറ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ പ്രാവീണ്യമുള്ള വിദഗ്ധരെ ഉൾപ്പെടുത്തും. ഐടി വിദഗ്ധർ, അക്കാദമിക് രംഗത്തെ വിദഗ്ധർ, വിദ്യാർഥികൾ, വിരമിച്ച ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക സ്ക്വാഡുകളും രൂപീകരിക്കും.

ബ്യൂറോയുടെ ഭാഗമായി രണ്ട് പ്രത്യേക വിങ്ങുകളും പ്രവർത്തിക്കും. മയക്കുമരുന്ന് സംബന്ധമായ വിവരങ്ങൾ ശേഖരിച്ച് വിശകലനം ചെയ്യാനും കുറ്റകൃത്യ പ്രവണതകൾ പഠിക്കാനും 'റിസർച്ച് ആൻഡ് അനാലിസിസ് വിങ്' രൂപീകരിക്കും. സൈബർ ഇടങ്ങളിലെ ലഹരി ഇടപാടുകൾ നിരീക്ഷിക്കാൻ 'സൈബർ ഇന്റലിജൻസ് ആൻഡ് സൈബർ ഓപ്പറേഷൻസ് വിങ്' പ്രവർത്തിക്കും. രഹസ്യവിവരങ്ങൾ വിശകലനം ചെയ്ത് അതിവേഗ എൻഫോഴ്‌സ്‌മെന്റ് നടപടികൾ സ്വീകരിക്കുന്ന സംവിധാനവും ബ്യൂറോയുടെ ഭാഗമാകും.

നാഷണൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ മാതൃകയിൽ പ്രവർത്തിക്കുന്ന പുതിയ സംവിധാനം നിലവിൽ വരുന്നതോടെ മയക്കുമരുന്ന് കേസുകളിലും അബ്കാരി നിയമലംഘനങ്ങളിലും കൂടുതൽ ഫലപ്രദവും വേഗത്തിലുള്ളതുമായ നടപടി സ്വീകരിക്കാൻ കഴിയുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img