12:02am 10 November 2026
NEWS
സർക്കാർ സമീപനം വിദ്യാർഥീകേന്ദ്രീകൃതം സമൂഹത്തിന്റെ പ്രതീക്ഷ കലാലയങ്ങളിൽ ഡോ. ആർ. ബിന്ദു
27/05/2025  05:48 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സർക്കാർ സമീപനം വിദ്യാർഥീകേന്ദ്രീകൃതം സമൂഹത്തിന്റെ പ്രതീക്ഷ കലാലയങ്ങളിൽ ഡോ. ആർ. ബിന്ദു

കൊച്ചി: "വിദ്യാർഥീകേന്ദ്രീകൃതമായ സമീപനമുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ സമൂഹത്തിന്റെ പ്രതീക്ഷ കലാലയങ്ങളിലാണ്," ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രിയും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) പ്രോചാൻസലറുമായ ഡോ. ആർ ബിന്ദു പറഞ്ഞു. കുസാറ്റിൽ പുതിയ 110 കെവി ജിഐഎസ് സബ്‌സ്റ്റേഷൻ ഉദഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.  

"ആറായിരം കോടി രൂപയാണ് ഉന്നതവിദ്യാഭ്യാസ മേഖലയിൽ കിഫ്‌ബിയും റൂസയും സംസ്ഥാന സർക്കാർ പ്ലാൻ ഫണ്ട് വിഹിതവും സർക്കാർ വിന്യസിച്ചിട്ടുള്ളത്. സമൂഹത്തിന് വേണ്ടി സവിശേഷമായ പുത്തൻ അറിവുകൾ ഉത്പാദിപ്പിക്കാൻ കെല്പുള്ളവരായി വിദ്യാർഥിസമൂഹത്തെ വളർത്തുന്നതിനായി വലിയ ഫണ്ടുകൾ നൽകുന്നതും ഉള്ളടക്കത്തിൽ സമഗ്ര പരിഷ്കരണങ്ങളും നടത്താൻ സർക്കാർ ശ്രമി ച്ചുകൊണ്ടിരിക്കും," മന്ത്രി കൂട്ടിച്ചേർത്തു.  

കേരളചരിത്രത്തിൽ ആദ്യമായാണ് ഒരു സർവകലാശാലയ്ക്ക് അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും ഉന്നത നിലവാരമുള്ള ലബോറട്ടറി സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി ഒരു സംസ്ഥാന സർക്കാർ 394.76 കോടി രൂപ അനുവദിച്ചത് എന്ന്  ചടങ്ങിൽ അധ്യക്ഷത വഹിച്ച വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി പി രാജീവ് അഭിപ്രായപ്പെട്ടു.

കുസാറ്റ് സ്കൂൾ ഓഫ് എൻജിനിയറിങ് ക്യാമ്പസിൽ 22.5 കോടി രൂപ കിഫ് ബി ഫണ്ട് ഉപയോഗിച്ച് നിർമിച്ച 110 കെ.വി ജി.ഐ.എസ് സബ് സ്റ്റേഷൻ നൂതന സംവിധാനമായ ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷൻ (ജി ഐഎസ്) ആണ്.  900 മീറ്റർ 110 കെ.വി ലൈൻ, എട്ട് എംവിഎ 110/11 കെവിട്രാൻസ് ഫോർമർ രണ്ടെണ്ണം, 11 കെ.വി പാനലുകൾ 13 എണ്ണം, 160 കെ.വി.എ ട്രാൻസ്ഫോർമർ, 63 കെ.വി.എ ഡീസൽ ജനറേറ്റർ എന്നിവ ഉൾപ്പെടുന്നതാണ് സബ് സ്റ്റേഷൻ. കളമശേരി വൈദ്യുതി വിതരണ ശൃംഖലയിൽനിന്ന് നേരിട്ട് 110 കെവി ലൈൻ സർവകലാശാലയിലെത്തിച്ച് ക്യാമ്പസിലെ മറ്റ് സബ് സ്റ്റേഷനുകളിലേക്ക് 11 കെവി വൈദ്യുതി വിതരണംചെയ്യുന്ന സംവിധാനമാണ് പൂർത്തിയായത്. നിലവിൽ അഞ്ച് 11 കെവി സബ് സ്റ്റേഷനുകളാണ് കുസാറ്റ് ക്യാമ്പസിലുള്ളത്. തടസ്സമില്ലാതെ ക്യാമ്പസിലെ വൈദ്യുതിവിതരണം ഉറപ്പാക്കാൻ ഇതോടെ കഴിയും.

കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ്. ഡോ. എം ജുനൈദ് ബുഷിരി, രജിസ്ട്രാർ പ്രൊഫ്.ഡോ അരുൺ എ യു, കിറ്റ്കൊ മാനേജിങ് ഡയറക്ടർ ഹരിനാരായണ വല്ലജ, കുസാറ്റ് സിൻഡിക്കേറ്റ് മെമ്പർ ഡോ. പി കെ ബേബി, സർവകലാശാല എഞ്ചിനീയർ ശ്രീ. സാബിൻ വി എസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img