
ബംഗളുരു: യുവതലമുറക്കാർക്കിടയിൽ ട്രെക്കിങ്ങിനോടുള്ള താല്പര്യം വർധിച്ചുവരികയാണ്. മനസ്സിന് ആനന്ദവും ശരീരത്തിന് ആയാസവും ലഭിക്കാനാണ് യുവാക്കളും യുവതികളും മലകയറുന്നത്. കമ്പ്യുട്ടറുമായി മല്ലിടുന്ന ഐ ടി പ്രൊഫഷനലുകൾ ആൺ പെൺഭേദമില്ലാതെ ട്രെക്കിങ്ങിന് വളരെയേറെ പ്രാധാന്യം കല്പിക്കുന്നുണ്ട്. അവരെ സംബന്ധിച്ചിടത്തോളം ട്രെക്കിങ് ത്രില്ലിങ് അനുഭവമാണ്. കർണാടകത്തിലെ കാടുകളിൽ നിരവധി ട്രെക്കിങ് സ്പോട്ടുകളുണ്ട്. സംസ്ഥാന വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഈ ട്രെക്കിങ് കേന്ദ്രങ്ങളിൽ ധാരാളം സന്ദർശകർ എത്തിച്ചേരാറുണ്ട്. വനംവകുപ്പിന്റെ നിർദേശങ്ങളും നിബന്ധനകളും പാലിച്ചേ ട്രെക്കിങ് നടത്താനാവൂ. എന്നാൽ പലപ്പോഴും അത്തരം നിബന്ധനകളൊക്കെ തെറ്റിക്കപ്പെടുന്നുണ്ട്. ഈയിടെ നാദാപുരം ഇയ്യങ്കോട് സ്വദേശിനിയായ ശരണ്യ കുടകിലെ തഡിയെന്റമോൾ മലയിലെ ട്രെക്കിങ്ങിനിടയിൽ വഴിതെറ്റി കാണാതായതും നാലാംദിവസം അവരെ കണ്ടുകിട്ടിയതും കേരളത്തോടൊപ്പം കർണാടകവും ചർച്ച ചെയ്തിരുന്നു. ഒരു കുപ്പി വെള്ളവുമായാണ് നാലുദിവസം കാട്ടിൽ കഴിഞ്ഞതെന്നുള്ള ശരണ്യയുടെ വിശദീകരണം മലകയറ്റ വിദഗ്ധർ വിശ്വസിച്ചിട്ടില്ല. അവർ പല സംശയങ്ങളും ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ബാബ ബുധൻഗിരിയിൽ ഉല്ലാസയാത്രയ്ക്ക് പോയ പാലക്കാട് സംഘത്തിലെ പതിനഞ്ചുകാരിയായ ശ്രീനന്ദയെ ചന്ദ്രദ്രോണ കുന്നിലെ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിൽ വെച്ച് കാണാതായത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. മൂന്നാം ദിവസം ആയിരത്തി അഞ്ഞൂറു അടി താഴ്ചയിൽ നിന്ന് ശ്രീനന്ദയുടെ മൃതദേഹം കണ്ടെടുക്കാനിടയായത് കർണാടകം ഗൗരവമായി എടുത്തിട്ടുണ്ട്. ട്രെക്കിങ്ങിന് പോകുന്നവര്ക്ക് ഗവണ്മെന്റ് ആപ്പ് നിർബന്ധമാക്കുമെന്ന് വനംവകുപ്പ് മന്ത്രി ഈശ്വർ ഖാന്ദ്രെ പറഞ്ഞു. ട്രെക്കിങ് കേന്ദ്രങ്ങളിൽ പ്രത്യേക സുരക്ഷ ഒരുക്കാനാണ് കർണാടകത്തിന്റെ നീക്കം. വനം വകുപ്പിന്റെ പക്കൽ കാടിന്റെ വിവരങ്ങളടങ്ങിയ ഇ- ഗസ്തു, കടുവാസങ്കേതത്തെ പറ്റിയുള്ള എംസ്ട്രൈപ്സ് എന്നീ ആപ്പുകളുണ്ട്. അതുപോലെ ട്രെക്കിങ്ങിന് പോകുന്നവര്ക്ക് മൊബൈലിൽ ഉപയോഗിക്കാനാവുന്ന ആപ്പ് വികസിപ്പിച്ചെടുക്കാനാണ് കർണാടകത്തിന്റെ ശ്രമം. ട്രെക്കിങ്ങിന് പോകുന്നവര്ക്ക് വഴിതെറ്റിയാൽ അവരെ കണ്ടെത്താനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനും ആപ്പ് സഹായിക്കും. അതുപോലെ ട്രെക്കിങ്ങിന് പോകുന്നവരെ ഗ്രൂപ്പ് ഇൻഷുറൻസിന്റെ പരിധിയിൽ കൊണ്ടുവരാനും ഗവണ്മെന്റ് ആലോചിക്കുന്നുണ്ട്. കാടിന്റെ ചില ഭാഗങ്ങളിൽ സിഗ്നൽ കിട്ടാൻ പ്രയാസമുണ്ട്. സിഗ്നൽ ഇല്ലാത്ത പ്രദേശങ്ങളിൽ ട്രെക്കിങ് നടത്തുന്നവർക്ക് വഴി തെറ്റിയാൽ ട്രാക്ക് ചെയ്യാൻ കഴിയില്ല. ഇതുകൂടി പരിഗണിച്ചുകൊണ്ട് വനപാലകർക്ക് പുതിയ മോഡൽ വാക്കി ടോക്കി നൽകാൻ മന്ത്രി ഉത്തരവിട്ടു. ട്രെക്കിങ് മേഖല പ്രശ്നരഹിതമാക്കാനാണ് കർണാടകം ശ്രമിക്കുന്നത്.
Photo Courtesy - Google











