
തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ സ്വർണപ്പാളികളിൽ നിന്ന് വേർതിരിച്ചെടുത്ത സ്വർണം കർണാടകത്തിലെ സ്വർണ്ണവ്യാപാരിക്ക് വിറ്റതായി അന്വേഷണത്തിൽ സ്ഥിരീകരിച്ചു. കേസിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി വിറ്റ സ്വർണം വാങ്ങിയത് ബെല്ലാരിയിലെ ഗോവർദ്ധൻ എന്നയാളാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഇയാളുടെ മൊഴി രേഖപ്പെടുത്തിയതിനെ തുടർന്ന്, പോറ്റിയുമായി തെളിവെടുപ്പിനായി അന്വേഷണ സംഘം കർണാടകയിലേക്ക് പോയി.
വില്പന സമ്മതിച്ച് പോറ്റി
സ്വർണം വിൽപ്പനയ്ക്കായി പോറ്റിയാണ് കൊണ്ടുവന്നതെന്നാണ് ബെല്ലാരിയിലെ റോഡം ജുവലറി ഉടമയായ ഗോവർദ്ധൻ മൊഴി നൽകിയിരിക്കുന്നത്. സ്വർണം വിറ്റതായി ഉണ്ണികൃഷ്ണൻ പോറ്റിയും സമ്മതിച്ചു. പോറ്റിയുടെ സുഹൃത്താണ് ഗോവർദ്ധൻ. ശാന്തിക്കാരനായിരിക്കെ ശ്രീറാംപുരിയിലെ അയ്യപ്പ ക്ഷേത്രത്തിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. ശബരിമലയിലെ കീഴ്ശാന്തിയുടെ പരികർമ്മിയും പിന്നീട് സ്പോൺസറുമായി പോറ്റി എത്തിയപ്പോഴും ഈ സൗഹൃദം തുടർന്നു.
കൽപ്പേഷ്/ഗോവർദ്ധൻ: ആശയക്കുഴപ്പം
വേർതിരിച്ച സ്വർണം പോറ്റിയുടെ നിർദ്ദേശപ്രകാരം കൽപ്പേഷ് എന്നയാളിന് നൽകിയെന്നാണ് 'സ്മാർട്ട് ക്രിയേഷൻസ്' സി.ഇ.ഒ പങ്കജ് ഭണ്ഡാരിയുടെ മൊഴി. ഗോവർദ്ധൻ തന്നെയാണോ കൽപ്പേഷ് എന്നതിലാണ് ഇനി വ്യക്തത വരേണ്ടത്. കൽപ്പേഷിനെ തേടിയുള്ള അന്വേഷണമാണ് ഇപ്പോൾ ഗോവർദ്ധനിലെത്തിയത്.
സ്വർണം കണ്ടെടുക്കാനായാൽ കേസ് ബലപ്പെടും. ഇതിനായുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ സംഘം. സ്വർണ്ണ വിൽപ്പനയിലൂടെ ലഭിച്ച പണത്തിന്റെ ഒരു പങ്ക് പോറ്റിയുടെ ബാങ്ക് അക്കൗണ്ടിൽ എത്തിയതായും കണ്ടെത്തിയിട്ടുണ്ട്. പോറ്റിയുടെ ബംഗളൂരുവിലെ വസതിയിലും സ്വർണപ്പാളികൾ പ്രദർശിപ്പിച്ച് പണം വാങ്ങിയ സ്ഥലങ്ങളിലും വരും ദിവസങ്ങളിൽ തെളിവെടുപ്പ് നടത്തും.











