
നെയ്യാറ്റിൻകര ആറാലുംമൂട് കാവുവിളാകം സിദ്ധൻ ഭവനിൽ ഗോപൻ (മണിയൻ –69) മരിച്ച സംഭവത്തിൽ വിവാദം ഒഴിയുന്നില്ല. ഗോപനെ ഭാര്യയും മക്കളും ചേർന്ന് സമാധിയിരുത്തിയ കല്ലറ പൊളിക്കാൻ അധികൃതർ എത്തിയെങ്കിലും കുടുംബാംഗങ്ങളും നാട്ടുകാരിൽ ഒരു വിഭാഗവും ശക്തമായ എതിർപ്പുമായി എത്തി. ഇതോടെ ദുരൂഹ സമാധിസ്ഥലം തൽക്കാലം തുറക്കേണ്ടെന്നാണ് അധികൃതരുടെ തീരുമാനം,
കല്ലറ തുറന്നു പരിശോധിക്കാൻ കലക്ടർ അനുകുമാരി രാവിലെയാണ് ഉത്തരവിട്ടത്. സമാധിസ്ഥലമെന്ന പേരിൽ നിർമിച്ച കോൺക്രീറ്റ് അറ തുറക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ കുടുംബാംഗങ്ങൾ പ്രതിഷേധത്തിലായിരുന്നു. ചില നാട്ടുകാരും ഇവർക്കു പിന്തുണയുമായി രംഗത്തെത്തി. ഇതോടെ പ്രദേശത്തു സംഘർഷാവസ്ഥയായി. വീട്ടുകാരെ സ്ഥലത്തുനിന്നു പൊലീസ് ബലം പ്രയോഗിച്ചാണു മാറ്റിയത്. കുടുംബാംഗങ്ങളെ വീടിനുള്ളിലേക്കു മാറ്റി പൊലീസ് കാവൽ നിൽക്കുകയാണ്. ഇതിനു പിന്നാലെയാണ് കല്ലറ തൽക്കാലം തുറക്കില്ലെന്നും കുടുംബത്തിന്റെ ഭാഗം കേൾക്കുമെന്നും സബ് കലക്ടർ അറിയിച്ചത്.










