03:57am 10 November 2026
NEWS
എറണാകുളം ജില്ലാ ജയിലിൽ ഗുണ്ടകൾക്ക് വിരുന്ന്: റീൽസ് പുറത്തായതോടെ വിവാദം
05/06/2025  10:10 AM IST
സുരേഷ് വണ്ടന്നൂർ
എറണാകുളം ജില്ലാ ജയിലിൽ ഗുണ്ടകൾക്ക് വിരുന്ന്: റീൽസ് പുറത്തായതോടെ വിവാദം

എറണാകുളം ജില്ലാ ജയിലിൽ വിരമിച്ച ഉദ്യോഗസ്ഥരുടെ യാത്രയയപ്പ് ചടങ്ങിൽ ഗുണ്ടകളും അവരുടെ കൂട്ടാളികളും പങ്കെടുത്തത് വിവാദമായി. വിരുന്ന് സൽക്കാരത്തിൽ പങ്കെടുത്ത ഗുണ്ടകളിലൊരാൾ ജയിലിനുള്ളിൽ നിന്നുള്ള റീൽസ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് ഗുരുതരമായ ഈ സുരക്ഷാ വീഴ്ച പുറത്തറിയുന്നത്. രഹസ്യാന്വേഷണ വിഭാഗം സംഭവത്തിൽ വിവരശേഖരണം ആരംഭിച്ചു.

മേയ് 31-ന് സർവീസിൽ നിന്ന് വിരമിച്ച ജില്ലാ ജയിലിലെ വെൽഫെയർ ഓഫീസർ ഒ.ജെ. തോമസ്, ഗേറ്റ് കീപ്പർ ടി.എം. പരീത് എന്നിവർ ചേർന്ന് ഒരുക്കിയ വിരുന്ന് സൽക്കാരത്തിലാണ് ഗുണ്ടാസംഘം പങ്കെടുത്തത്. ഒ.ജെ. തോമസിന്റെ ക്ഷണം സ്വീകരിച്ചാണ് ഗുണ്ടാ നേതാവായ കറുകപ്പിള്ളി സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘം ജയിലിലെത്തിയത്. സിനിമാ നടൻ നാദിർഷായുടെ സഹോദരൻ സമദും ഇവർക്കൊപ്പമുണ്ടായിരുന്നു. കറുകപ്പിള്ളി സ്വദേശികളായ റിയാസ്, ഷഫീഖ്, യാസിർ, ഫറൂഖ്, അഭിജിത്ത് എന്നിവരും വിരുന്നിൽ പങ്കെടുത്തവരിൽ ഉൾപ്പെടുന്നു.

ഉച്ചയ്ക്ക് ഏകദേശം രണ്ടരയോടെ രണ്ട് കാറുകളിലായാണ് സംഘം ജയിലിലെത്തിയത്. അരമണിക്കൂറോളം ഇവർ ജയിലിൽ ചെലവഴിച്ചു. ഗുണ്ടാസംഘം ഒ.ജെ. തോമസിന് പൂച്ചെണ്ടും സമ്മാനിച്ചതായി റിപ്പോർട്ടുണ്ട്. ജയിലിലെ ഹാളിലായിരുന്നു പരിപാടി നടന്നതെന്നാണ് വിവരം. വനിതാ ഉദ്യോഗസ്ഥരടക്കം ഈ സമയം അവിടെയുണ്ടായിരുന്നു.

ജയിലിൽ വച്ച് ചിത്രീകരിച്ച റീൽസ് റിയാസ് എന്നയാൾ കഴിഞ്ഞ ദിവസമാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. ജയിലിന്റെ പ്രധാന ഗേറ്റിലൂടെ കാറുകൾ അകത്തേക്ക് പ്രവേശിക്കുന്നതും, ചെറിയ വാതിലിലൂടെ ആളുകൾ പുറത്തേക്ക് വരുന്നതുമെല്ലാം റീൽസിലുണ്ടായിരുന്നു. ഒ.ജെ. തോമസിനൊപ്പം എടുത്ത ഗ്രൂപ്പ് ചിത്രവും പുറത്തുവന്നിട്ടുണ്ട്. ഈ സംഭവം ജില്ലാ ജയിൽ സൂപ്രണ്ടിനും വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. പൊലീസിന് ഇതുവരെ പരാതി ലഭിച്ചിട്ടില്ലെങ്കിലും, ജയിൽ വകുപ്പ് ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി സൂചനയുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img