
കൊല്ലം: നഗരത്തിൽ ഗുണ്ടാ അസോസിയേഷൻ യോഗം ചേർന്ന് ഓഫീസ് ആരംഭിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു. ആറുപേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇവരെ അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തിൽ വിട്ടു. ജോണകപുറം സ്വദേശി നൗഫൽ (40), ഇരട്ടക്കുളങ്ങര സ്വദേശി മണികണ്ഠൻ (50), ശക്തികുളങ്ങര സ്വദേശി സക്കറിയ (37), മുണ്ടക്കൽ സ്വദേശി ഷെറിൻ (39), പള്ളിത്തോട്ടം സ്വദേശി ഷാനു (28), കടപ്പാക്കട സ്വദേശി നിസാമുദ്ദീൻ (53) എന്നിവരാണ് പ്രതികൾ. ഭാരതീയ ന്യായ സംഹിതയിലെ 192-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഈ വർഷം ജനുവരിയിലാണ് ഗുണ്ടകൾ യോഗം ചേർന്നത്. മുണ്ടക്കൽ പ്രദേശത്ത് വിവിധ ദിവസങ്ങളിലായി നടന്ന സംഭവങ്ങളാണ് കേസിന് ആധാരം. ഒന്നാം പ്രതിയുടെ സുഹൃത്തിന്റെ വീട്ടിൽ വെച്ച് പിസ്റ്റൾ കൈയിൽ പിടിച്ചുള്ള ചിത്രങ്ങൾ പകർത്തുകയും പിന്നീട് അവ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തി.
ഇതിന് പുറമെ, കൊല്ലം ശാരദാമഠത്തിന് സമീപം “ഗുണ്ടാ അസോസിയേഷൻ” ഓഫീസ് ആരംഭിക്കുന്നുവെന്ന വ്യാജേന വീഡിയോകൾ ചിത്രീകരിക്കുകയും, റോഡിൽ ഉച്ചത്തിൽ സംഗീതം വെച്ച് നൃത്തം ചെയ്ത് പൊതുജനങ്ങളിൽ ഭീതി പരത്താൻ ശ്രമിക്കുകയും ചെയ്തതായും എഫ്.ഐ.ആറിൽ പറയുന്നു. പ്രതികൾ തന്നെ ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കൊല്ലം ഈസ്റ്റ് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
ഇതിന് മുൻപ് ഗുണ്ടാ സംഘങ്ങൾ നടത്തിയ പിറന്നാൾ ആഘോഷവും വടിവാൾ ഉപയോഗിച്ച് കേക്ക് മുറിച്ചതും വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. വിവിധ പ്രദേശങ്ങളിലെ ഗുണ്ടകളെ ഉൾപ്പെടുത്തി ഒരു സംഘമായി രൂപീകരിക്കാനായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് പൊലീസ് വിലയിരുത്തൽ.











