08:25pm 20 August 2026
NEWS
ഗുണ്ടാ സാമൂഹികവിരുദ്ധ വേട്ട ഓപ്പറേഷൻ ഗ്രിപ്പ് മരട് അനീഷ് അറസ്റ്റിൽ 10,519 പേർ നിരീക്ഷണത്തിൽ.
20/08/2026  08:11 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഗുണ്ടാ സാമൂഹികവിരുദ്ധ വേട്ട  ഓപ്പറേഷൻ ഗ്രിപ്പ് മരട് അനീഷ് അറസ്റ്റിൽ 10,519 പേർ നിരീക്ഷണത്തിൽ.

സംസ്ഥാനത്ത് ഗുണ്ടാ സംഘങ്ങൾക്കും സ്ഥിരം  കുറ്റവാളികൾക്കുമെതിരെ നടപടി കടുപ്പിച്ച് കേരള പോലീസ്. ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ആരംഭിച്ച പ്രത്യേക പരിശോധനാ ഡ്രൈവായ ഓപ്പറേഷൻ ഗ്രിപ്പ് സംസ്ഥാനത്തുടനീളം ശക്തമായി മുന്നേറുകയാണ്. ഓഗസ്റ്റ് 8 മുതൽ 20 വരെയുള്ള ദിവസങ്ങളിലായി 10,519 സാമൂഹികവിരുദ്ധരെയാണ് പോലീസ് കർശന നിരീക്ഷണ വലയത്തിലാക്കിയത്. ക്രിമിനൽ സംഘങ്ങളെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ ശേഖരിക്കാനും അക്രമസംഭവങ്ങൾ തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കാനുമാണ് ഈ  പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. 

ആഭ്യന്തര വകുപ്പ്  മന്ത്രിക്കും പോലീസ് ഉദ്യോഗസ്ഥർക്കുമെതിരെ ഭീഷണി മുഴക്കി ഒളിവിൽ കഴിഞ്ഞിരുന്ന നിരവധി കേസുകളിലെ പ്രതി അർജുൻ ആയങ്കിയെ പിടികൂടുകയെന്ന പ്രാരംഭ ലക്ഷ്യത്തോടെയാണ് ഓഗസ്റ്റ് 8-ന് ഈ പ്രത്യേക ഡ്രൈവിന് തുടക്കമിട്ടത്. തുടർന്ന് 48 മണിക്കൂറിനുള്ളിൽ പ്രതിയെ വലയിലാക്കാൻ പോലീസിന് കഴിഞ്ഞു. എന്നാൽ ഇയാളുടെ അറസ്റ്റോടെ നടപടികൾ അവസാനിപ്പിക്കാതെ, സംസ്ഥാനത്തെ ഗുണ്ടാ-ക്രിമിനൽ മാഫിയകളെ പൂർണ്ണമായി അമർച്ച ചെയ്യുന്നതുവരെ ഓപ്പറേഷൻ ഗ്രിപ്പ് ഊർജ്ജിതമായി തുടരാൻ എഡിജിപി എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും നിർദേശം നൽകുകയായിരുന്നു.

 കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ 20.08.2026 നു അറസ്റ്റ് ചെയ്തു ഒരു വർഷത്തേക്ക് കരുതൽ തടങ്കലിനു അയച്ചിട്ടുള്ളതും സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന 20 പേരെ കൂടി കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ അടയ്ക്കുകയും 18 പേർക്കെതിരെ ജില്ലകളിൽ നിന്ന് നാടുകടത്തൽ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.

പരിശോധനകളുടെ ഭാഗമായി വിവിധ കേസുകളിൽ പിടികിട്ടാപ്പുള്ളികളായി ഒളിവിൽ കഴിഞ്ഞിരുന്ന 158 പേരെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. കൂടാതെ, ജാമ്യത്തിലിറങ്ങി വ്യവസ്ഥകൾ ലംഘിച്ച 47 പേർക്കെതിരെ കോടതികളിൽ റിപ്പോർട്ട് നൽകിയ പോലീസ്, ഇതിൽ രണ്ടുപേരുടെ ജാമ്യം റദ്ദാക്കിക്കുകയും ചെയ്തു. സമൂഹത്തിന്റെ സമാധാനാന്തരീക്ഷം തകർക്കുന്ന സാമൂഹികവിരുദ്ധർക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത  ശക്തമായ തുടർനടപടികൾ വരും ദിവസങ്ങളിലും ഉണ്ടാകുമെന്ന് ക്രമസമാധാന വിഭാഗം എഡിജിപി വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img