09:31am 11 November 2026
NEWS
മറച്ചു വച്ചിരുന്ന ഭാഗത്തെ മറുകിനെ ജെമിനിക്ക് എങ്ങനെ അറിയാൻ കഴിയും? ജെമിനി നാനോ ബനാന സാരി ട്രെൻഡിനെ കുറിച്ച് മുന്നറിയിപ്പുമായി യുവതി
16/09/2025  09:57 AM IST
nila
മറച്ചു വച്ചിരുന്ന ഭാഗത്തെ മറുകിനെ ജെമിനിക്ക് എങ്ങനെ അറിയാൻ കഴിയും? ജെമിനി നാനോ ബനാന സാരി ട്രെൻഡിനെ കുറിച്ച് മുന്നറിയിപ്പുമായി  യുവതി

ഗൂഗിൾ ജെമിനിയുടെ ബനാന എഐ സാരി ട്രെൻഡിന് പിന്നാലെയാണ് ഇപ്പോൾ യുവതികൾ. ഒരു ഇമേജ് എഡിറ്റിംഗ് എഐ ആണ് ജെമിനി നാനോ. ഗൂഗിളിന്റെ ജെമിനി ആപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ള എഐ ടൂൾ ആണിത്. തുടക്കത്തിൽ ത്രിമാന രൂപങ്ങളുണ്ടാക്കുന്നതിലൂടെയാണ് ഈ ടൂൾ ജനപ്രിയമായത്. എന്നാലിപ്പോൾ സാരി മോഡലിലുള്ള ഫോട്ടോകളാണ് ഏറെ പ്രചാരത്തിലുള്ളത്.

വ്യത്യസ്ത മോഡലുകളിലുള്ള സാരികളണിഞ്ഞുള്ള ചിത്രങ്ങൾ നിർമിച്ച് നൽകുന്ന എഐ ടൂളാണ് ഗൂഗിൾ ജെമിനി നാനോ.  ഒരു ചിത്രം നൽകി പ്രോംപ്ട് നൽകിയാൽ മാത്രം മതി. പക്ഷേ, ഇതിൽ ചില അപകടങ്ങൾ പതിയിരിപ്പുണ്ട് എന്നാണ് പുറത്തുവരുന്ന ചില വെളിപ്പെടുത്തലുകൾ സൂചിപ്പിക്കുന്നത്. തനിക്കുണ്ടായ ഒനുഭവം ഒരു യുവതി പങ്കുവെച്ചതോടെയാണ് ഇതുസംബന്ധിച്ച ചർച്ചകളും സജീവമാകുന്നത്. 

ട്രെൻഡിനൊപ്പം ചേർന്നു സാരിയിലുള്ള സ്വന്തം ചിത്രം നൽകിയപ്പോൾ മറച്ചുവച്ചിരുന്നിട്ടും എഐ ടൂൾ തന്റെ ശരീരത്തിലെ മറുകിനെ തിരിച്ചറിഞ്ഞുവെന്നാണ് യുവതി പറയുന്നത്. അത് പുതിയ ചിത്രത്തിൽ ഉൾപ്പെടുത്തിയെന്നും യുവതി പറയുന്നു. ' മറച്ചു വച്ചിരുന്ന ഭാഗത്തെ മറുകിനെ ജെമിനിക്ക് എങ്ങനെ അറിയാൻ കഴിയും?  ഇപ്പോഴും എനിക്ക് ഇത് എങ്ങനെ സംഭവിച്ചുവെന്ന് അറിയില്ല. ഈ വിവരം  പങ്കുവെക്കാൻ ആഗ്രഹിച്ചു. സോഷ്യൽ മീഡിയയിലോ എഐ പ്ലാറ്റ്‌ഫോമുകളിലോ അപ്‌ലോഡ് ചെയ്യുന്നതെന്തും സുരക്ഷിതമായിരിക്കണമെന്നും യുവതി മുന്നറിയിപ്പ് നൽകുന്നു.

അതേസമയം, ഇതൊരു സാധാരണ എഐ പ്രവർത്തനം മാത്രമാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്. യുവതിയുടെ ഡിജിറ്റൽ ഫൂട്ട്‌പ്രിന്റിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിലൂടെയാണ് എഐ ചിത്രം പൂർത്തിയാക്കുന്നത്. അതുപോലെ ഒരു എഐ ചിത്ര നിർമാണ ടൂളായതിനാൽ ജെമിനി ഇന്റർനെറ്റിൽ നിന്ന് ശേഖരിക്കുന്ന ചിത്രങ്ങളിൽ നിന്നുള്ള വിവരങ്ങളെ വിശകലനം ചെയ്യുകയും അത് ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കുകയും ചെയ്യുന്നു. സമൂഹമാധ്യമങ്ങളിലേതോ അല്ലെങ്കിൽ ഗൂഗിൾ‌ അക്കൗണ്ടിന്റെ പ്രൊഫൈൽ ചിത്രമോ ഉപയോഗിച്ചിരിക്കാമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

എഐ ആപ്ലിക്കേഷനുകളിൽ സ്വന്തം മുഖചിത്രങ്ങൾ നിരന്തരം അപ്‌ലോഡ് ചെയ്യുന്നത് “ഫാഷൻ” അല്ലെങ്കിൽ “ട്രെൻഡ്” എന്ന നിലയിൽ ആളുകൾ ഏറ്റെടുത്തിരിക്കുന്നു. എന്നാൽ, ഇതിന്റെ ദീർഘകാല പ്രത്യാഘാതങ്ങളെ കുറിച്ച് പലരും ചിന്തിക്കാത്തതാണ് ഏറ്റവും വലിയ പ്രശ്നം.

എന്താണ് പ്രതിവിധി? 

പാസ്‌പോർട്ട്, ആധാർ, ലൈസൻസ്, ബാങ്ക് കാർഡ് തുടങ്ങിയ ഐഡി രേഖകളുടെ ചിത്രങ്ങൾ ഒരിക്കലും അപ്‌ലോഡ് ചെയ്യരുതെന്ന് വിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വ്യക്തമായ മുഖമുള്ള നിരവധി സെൽഫികൾ പങ്കുവെക്കുന്നത് പരമാവധി ഒഴിവാക്കുക. സാധ്യമെങ്കിൽ അവതാർ, കാർട്ടൂൺ അല്ലെങ്കിൽ സ്റ്റൈലൈസ് ചെയ്ത ചിത്രങ്ങൾ ഉപയോഗിക്കുക. എല്ലാ പ്രധാന അക്കൗണ്ടുകളിലും മൾട്ടി-ഫാക്ടർ ഓതന്റിക്കേഷൻ (MFA) സജീവമാക്കണമെന്നും ഈ മേഖലയിലെ വിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img