
ദോഹ: സുരക്ഷ ആരംഭിക്കുന്നത് കുറ്റകൃത്യങ്ങൾ നടക്കുമ്പോഴല്ല, മറിച്ച് കൃത്യമായ നിയമനിർമ്മാണത്തിലൂടെയാണെന്നും, മികച്ച നിയമങ്ങളാണ് സമൂഹത്തിന്റെ പ്രഥമ പ്രതിരോധ നിരയെന്നും ഖത്തർ നീതിന്യായ മന്ത്രിയും ക്യാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഇബ്രാഹിം ബിൻ അലി അൽ-മുഹന്നദി വ്യക്തമാക്കി. പോലീസ് അക്കാദമിയിൽ നടന്ന സെക്യൂരിറ്റി ലീഡർഷിപ്പ് ആൻഡ് സ്റ്റാഫ് പ്രോഗ്രാമിന്റെ മൂന്നാം ബാച്ചിലെ ഉദ്യോഗസ്ഥരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
നിയമവാഴ്ചയും രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമമില്ലാതെ സുസ്ഥിരമായ സുരക്ഷയോ, സുരക്ഷയില്ലാതെ ഫലപ്രദമായ നിയമവാഴ്ചയോ സാധ്യമല്ല.2026-ലെ ആഗോള സമാധാന സൂചികയിൽ (Global Peace Index) മിഡിൽ ഈസ്റ്റ്-വടക്കേ ആഫ്രിക്ക (MENA) മേഖലയിൽ ഒന്നാം സ്ഥാനവും, ആഗോളതലത്തിൽ 163 രാജ്യങ്ങളിൽ 31-ാം സ്ഥാനവും നേടാൻ ഖത്തറിന് സാധിച്ചു. സാമൂഹിക സുരക്ഷയുടെ കാര്യത്തിൽ ഖത്തർ ലോകത്ത് ഏഴാം സ്ഥാനത്താണ്. മുൻകൂട്ടി തയ്യാറാക്കിയ കൃത്യമായ നിയമങ്ങളും അധികാര വിഭജനവുമാണ് വെല്ലുവിളികൾ നിറഞ്ഞ ഈ വർഷത്തിലും ഇത്തരമൊരു നേട്ടം കൈവരിക്കാൻ ഖത്തറിനെ സഹായിച്ചതെന്ന് മന്ത്രി പറഞ്ഞു.തുറന്ന സംവാദത്തോടെയാണ് സെഷൻ അവസാനിച്ചത്. പങ്കെടുത്ത ഉദ്യോഗസ്ഥർക്ക് മന്ത്രി എല്ലാവിധ വിജയാശംസകളും നേർന്നു.










