
- എറണാകുളം ജില്ലയിലെ കോണ്‍ഗ്രസ് ജന പ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി
- നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് തുടക്കമായി
കൊച്ചി: നല്ല കമ്മ്യൂണിസ്റ്റുകള്‍ ഇത്തവണ യുഡിഎഫിനാണ് വോട്ട് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കക്ഷികള്‍ക്കപ്പുറം നിരവധി വര്‍ഷങ്ങളായി ഇടതുപക്ഷത്തോടൊപ്പം നിലകൊണ്ട ബഹുഭൂരിപക്ഷം സഹയാത്രികരും ഇത്തവണ യുഡിഎഫിനൊപ്പം അണിചേര്‍ന്നുവെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് എന്നത് ഒരു കൂട്ടം രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടം മാത്രമല്ലെന്നും, ടീം യുഡിഎഫിന്റെ വിജയമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളം ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നല്‍കിയ സ്വീകരണ യോഗം എറണാകുളം ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മിലും, എല്‍ഡിഎഫിലും ഉള്ള പ്രതീക്ഷകള്‍ ജനങ്ങള്‍ക്ക് നഷ്ടമായപ്പോള്‍, ഇനി യുഡിഎഫിന് മാത്രമേ കേരളത്തെ കൈപിടിച്ച് ഉയര്‍ത്താനാകു എന്ന് ജനം ചിന്തിച്ചതിന്റെ കൂടി വിജയമാണിതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പരാജയം പഠിക്കുന്നതിനൊപ്പം വിജയവും പ്രത്യേകം പഠിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിനായി രൂപംകൊടുത്ത മിഷന്‍ 25 പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പ്രാവര്‍ത്തികമായിട്ടില്ലെന്നും, വിചാരിച്ചതുപോലെ വിജയം നേടാനായയില്ലെങ്കിലും, എഴുപത് ശതമാനത്തോളം പൂര്‍ത്തീകരിക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം സമ്മാനിച്ച എറണാകുളം ജില്ലയിലെ സ്ഥാനാര്‍ഥികളെയും, പാര്‍ട്ടിയുടെ ജയത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ച പ്രവര്‍ത്തകരെയും നേതാക്കളെയും പ്രതിപക്ഷ നേതാവ് നന്ദി അറിയിച്ചു. പാര്‍ട്ടിയുടെ ജന പ്രതിനിധികള്‍ സംഘടനാ രംഗത്തും പൂര്‍ണമായും പാര്‍ട്ടിക്കൊപ്പം നില്‍ക്കണമെന്ന നിര്‍ദേശവും അദ്ദേഹം പങ്കുവെച്ചു.
കേരളത്തിന് സമഗ്രമായ മാറ്റമാണ് ഇനി ആവശ്യമെന്നും, സാമ്പത്തികമായി തകര്‍ന്ന സര്‍ക്കാരിനെ രക്ഷിക്കാന്‍ ഖജനാവ് നിറക്കണം, ആരോഗ്യ കേരളത്തിന് ആരോഗ്യം പകരുന്ന വിവിധ പദ്ധതികള്‍ നടടപ്പിലാക്കണം, ഉന്നത വിദ്യാഭ്യാസ രംഗത്തെ ഉന്നമനപ്പെടുത്താനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് യുവാക്കളുടെ വിദേശ പലായനം തടയുക, കാര്‍ഷിക രംഗത്ത് പുതിയ പദ്ധതികള്‍ നടപ്പിലാക്കുക തുടങ്ങി വിവിധങ്ങളായ പദ്ധതികളുമായി ജനുവരി മുതല്‍ യുഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആത്മ വിശ്വാസത്തോടെ കൃത്യമായ പദ്ധതികളോടെയാണ് ഇത്തവണ യുഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും, 2026 തെരഞ്ഞെടുപ്പില്‍ നൂറിലധികം സൂറ്റുകളുമായി അധികാരത്തിലെത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എറണാകുളം ജില്ലയിലെ പതിനാല് നിയമസഭാ സീറ്റും ഇത്തവണ നേടുമെന്നും, സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിയുന്ന സംഘടനാ ശക്തി ജില്ലയിലെ കോണ്‍ഗ്രസിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് കെ ബാബു എംഎല്‍എ, രാഷ്ട്രീയ കാര്യ സമിതി അംഗങ്ങളായ ജോസഫ് വാഴയ്ക്കന്‍, അജയ് തറയില്‍, കെ പി ധനപാലന്‍, കെപിസിസി വൈസ് പ്രസിഡന്റുമാരായ വി പി സജീന്ദ്രന്‍, ഡോ. മാത്യു കുഴല്‍നാടന്‍ എംഎല്‍എ, ഡോ എം സി ദിലീപ് കുമാർ , കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. ബി എ അബ്ദുള്‍ മുത്തലിബ്, അഡ്വ. ദീപ്തി മേരി വര്‍ഗീസ്, ഐ കെ രാജു, എം ആര്‍ അഭിലാഷ്, എംഎല്‍എമാരായ ഉമ തോമസ്, ടി ജെ വിനോദ്, അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പിള്ളില്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ഡൊമിനിക് പ്രസന്റേഷന്‍, നേതാക്കളായ ടോണി ചമ്മിണി, മനോജ് മൂത്തേടന്‍, ലൂഡി ലൂയിസ്, ചാള്‍സ് ഡയസ്, കെ പി ഹരിദാസ്, സൗമിനി ജയിന്‍, ആശ സനല്‍, ഉല്ലാസ് തോമസ്, വി പി ജോർജ്ജ് , ജിന്റോ ജോണ്‍, അഡ്വ. പി കെ അബ്ദുറഹിമാന്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുനില സിബി, സക്കീര്‍ ഹുസൈന്‍, എം. ഒ ജോണ്‍, ജമാല്‍ മണക്കാടന്‍, ഡോ. എം സി ദിലീപ് കുമാര്‍, എം എ ചന്ദ്രശേഖരന്‍, മുഹമ്മദ് കുട്ടി മാസ്റ്റര്‍, ബാബു പുത്തനങ്ങാടി, എം പി ശിവദത്തൻ തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് വിജയിച്ച ആയിരത്തി അഞ്ഞൂറോളം ജന പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി 'തുടക്കം മിഷന്‍ 2026' ന് തുടക്കമായി.
Photo Courtesy - Google











