
സിനിമ പ്രേമികളെ സംബന്ധിച്ച് ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമാണ്. നാലു പ്രിയതാരങ്ങളുടെ സിനിമകളാണ് വിഷു ചിത്രങ്ങളായി ഇന്ന് തീയറ്ററുകളിലെത്തിയത്. മമ്മൂട്ടി സിനിമ ബസൂക്ക, ബേസിൽ ജോസഫ് സിനിമ മരണമാസ് എന്നിവയുമായി ക്ലാഷ് റിലീസാണ് നസ്ലിന്റെ ആലപ്പുഴ ജിംഖാന എന്ന സിനിമ. ഇതിനൊപ്പം അജിത് ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’യും ഇന്ന് തീയറ്ററുകളിലെത്തിയതോടെ സിനിമാ ആരാധകർ ആവേശത്തിലാണ്.
മമ്മൂട്ടി-ഡീനോ ഡെന്നിസ് ചിത്രം ‘ബസൂക്ക’ തീയറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടുന്നതെങ്കിലും സൈബർ ലോകത്ത് ചിത്രം എയറിലാണ്. സിനിമയുടെ ടൈറ്റിൽ കാർഡ് മുതൽ ആരാധകരെ ആവേശം കൊള്ളിക്കുമ്പോഴും സിനിമയുടെ അവസാനത്തെ 30 മിനുറ്റ് വേറെ ലെവൽ എന്നാണ് പ്രതികരണം. ഏറെ വർഷങ്ങൾക്കിപ്പുറമാണ് ഒരു മമ്മൂട്ടി ചിത്രത്തിൽ മെഗാസ്റ്റാർ എന്ന ടൈറ്റിൽ കാർഡ് വരുന്നത്. ഇതാണ് തുടക്കം മുതൽ തന്നെ മമ്മൂട്ടി ആരാധകർ തീയറ്ററുകളിൽ ആർപ്പുവിളിക്കാൻ ഇടയാക്കിയത്.
ചിത്രത്തിലെ ഒരു കാമിയോ റോൾ ആണ് സൈബറിടങ്ങളിൽ പൊങ്കാല ഏറ്റുവാങ്ങുന്നത്. ആറാട്ടണ്ണൻ എന്ന് വിളിക്കപ്പെടുന്ന സന്തോഷ് വർക്കിയുടെ കഥാപാത്രത്തിന്റെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ എത്തിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ നിർണായക നിമിഷത്തിലാണ് സന്തോഷ് വർക്കിയുടെ എൻട്രി എന്നാണ് പ്രചരിക്കുന്ന വീഡിയോകളിൽ നിന്നുള്ള സൂചന. തിയേറ്ററിൽ നിന്നുള്ള കൂക്കിവിളികളോടെയാണ് ഈ വീഡിയോ എക്‌സിലും ഫെയ്‌സ്ബുക്കിലും പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ബസൂക്ക ഒരു കോമഡി പടമാണോ എന്ന ചോദ്യങ്ങളും നെറ്റിസൺസ് ഉയർത്തുന്നുണ്ട്.
നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിദ്ധാർത്ഥ് ഭരതൻ, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, ദിവ്യ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ബേസിൽ ജോസഫ് നായകനായി നവഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത മരണമാസ് പേരുപോലെ തന്നെ വേറെ ലെവലാണെന്ന് ആരാധകർ സാക്ഷ്യപ്പെടുത്തുന്നു. പുതിയ തലമുറയെ കയ്യിലെടുക്കാൻ കഴിയുന്ന തമാശയും വളരെ കണക്ടായ തിരക്കഥയും തീയറ്ററിലെത്തിയ ആരാധകരെ നിരാശപ്പെടുത്തിയില്ല. കാലഘട്ടത്തിന്റെ മാറ്റങ്ങളെ രസകരമായി അവതരിപ്പിക്കാൻ സംവിധായകനും അഭിനേതാക്കൾക്കും കഴിഞ്ഞു എന്നു തന്നെയാണ് വിലയിരുത്തപ്പെടുന്നത്. മലയാളത്തിൽ തുടർച്ചയായി വിജയം നേടുന്ന നായകൻ എന്ന സ്ഥാനം ബേസിൽ ജോസഫിന് ഉറപ്പിക്കാൻ കഴിയുന്ന സിനിമ എന്നാണ് വിലയിരുത്തൽ.
ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്. ബേസിൽ ജോസഫിനെ കൂടാതെ, സിജു സണ്ണിയും സുരേഷ് കൃഷ്ണയും രജേഷ് മാധവനും അനിഷ്‌മ അനിൽകുമാറും ബാബു ആൻറണിയും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം- ജയ് ഉണ്ണിത്താൻ, എഡിറ്റിംഗ്- ചമൻ ചാക്കോ, വരികൾ- വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- മഷർ ഹംസ, മേക്കപ്പ് - ആർ ജി വയനാടൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്- വിഷ്ണു ഗോവിന്ദ് തുടങ്ങിയ സാങ്കേതിക പ്രവർത്തകരും അവരുടെ റോളുകൾ മനോഹരമാക്കിയിട്ടുണ്ട്.
2025ൽ തിയേറ്ററുകളിൽ എത്തുന്ന നസ്ലിന്റെ ആദ്യത്തെ സിനിമ കൂടിയായ ആലപ്പുഴ ജിംഖാന ആരാധകരുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തിയില്ല എന്നാണ് തീയറ്റർ റിപ്പോർട്ട്. ആദ്യാവസാനം ബോറടിക്കാതെ കാണാനുള്ളതെല്ലാം സിനിമയിലുണ്ട് എന്നാണ് പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നത്. നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത സിനിമയാണ് ആലപ്പുഴ ജിംഖാന. കോമഡി, ആക്ഷൻ, ഇമോഷൻ എന്നിവ കലർന്ന ഒരു കംപ്ലീറ്റ് എന്റർടെയ്നറാണ് സിനിമ.
പ്രേമലുവിന് ലഭിച്ചതുപോലെ യൂത്തിന്റെ വലിയൊരു പിന്തുണ ആലപ്പുഴ ജിംഖാനയ്ക്കും ലഭിക്കുന്നുണ്ട്. സൂപ്പർ സിനിമയാണെന്ന് യുവാക്കൾ സാക്ഷ്യപ്പെടുത്തുന്നു. ആദ്യം ഭാഗം മുഴുവൻ കോമഡിയും മറ്റുമാണ്. സെക്കന്റ് ഹാഫിലേക്ക് എത്തുമ്പോൾ പ്രണയം, ഫ്രണ്ട്ഷിപ്പ്, ബോക്സിങ് എന്നിവയ്ക്കാണ് പ്രധാന്യം.
അജിത് ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’യും ഇന്നാണ് തീയറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണങ്ങളാണ് തീയറ്ററുകളിൽ നിന്നും വരുന്നത്. അജിത് ആരാധകർക്ക് ഒരു വിരുന്ന് തന്നെയാണ് ആദിക് രവിചന്ദ്രൻ ഒരുക്കി വച്ചിരിക്കുന്നത് എന്ന് സൈബർ ലോകത്ത് അഭിപ്രായം ഉയരുന്നുണ്ട്. തുടക്കം മുതൽ ക്ലൈമാക്‌സ് വരെ ഒരു ‘അജിത് ഷോ’ തന്നെയാണ് സിനിമ. അതേസമയം, സിനിമയിൽ ലോജിക്ക് നോക്കരുതെന്ന നിർദേശവും സോഷ്യൽ മീഡിയയിൽ ചിലർ മുന്നോട്ടുവെക്കുന്നു. അർജുൻ ദാസിന്റെ പ്രകടനത്തിനും തീയറ്ററുകളിൽ കയ്യടി ലഭിക്കുന്നുണ്ട്. ജി വി പ്രകാശ് കുമാർ ഒരുക്കിയ പശ്ചാത്തല സംഗീതവും പ്രേക്ഷകരുടെ ഹൃദയം കവർന്നിട്ടുണ്ട് എന്നാണ് തീയറ്റർ പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
തൃഷയാണ് ചിത്രത്തിൽ നായിക. പ്രഭു, അർജുൻ ദാസ്, പ്രസന്ന, സുനിൽ, ഉഷ ഉതുപ്പ്, രാഹുൽ ദേവ്, റെഡിൻ കിംഗ്‌സ്ലെ പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യർ, ടിന്നു ആനന്ദ്, ഷൈൻ ടോം ചാക്കോ എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. അഭിനന്ദൻ രാമാനുജൻ ആണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാർ സംഗീതം നിർവഹിക്കുന്നു.











