12:29am 13 December 2025
NEWS
ഗോൾഡൻ വാലി നിധി നിക്ഷേപ തട്ടിപ്പുകേസിലെ മുഖ്യപ്രതി വീണ്ടും അറസ്റ്റിൽ
09/11/2025  07:24 AM IST
nila
ഗോൾഡൻ വാലി നിധി നിക്ഷേപ തട്ടിപ്പുകേസിലെ മുഖ്യപ്രതി വീണ്ടും അറസ്റ്റിൽ

തിരുവനന്തപുരം: ഗോൾഡൻ വാലി നിധി നിക്ഷേപ തട്ടിപ്പുകേസിലെ മുഖ്യപ്രതി വീണ്ടും അറസ്റ്റിൽ. നേമം സ്റ്റുഡിയോ റോഡിലെ നക്ഷത്രയിൽ എം. താര കൃഷ്ണൻ (51) എന്ന താരയെയാണ് തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തേ അറസ്റ്റിലായ താര ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. നിക്ഷേപകരുടെ പണം തിരിച്ചുനൽകാമെന്ന നിബന്ധനയോടെ ജാമ്യത്തിൽ പുറത്തിറങ്ങിയെങ്കിലും വാഗ്ദാനം പാലിക്കാതിരുന്നതോടെയാണ് ഇവരെ വീണ്ടും അറസ്റ്റ് ചെയ്തത്. 

തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിക്ക് സമീപം പ്രവർത്തിച്ചിരുന്ന ‘ഗോൾഡൻ വാലി നിധി’യുടെ ഉടമയാണ് താര. കോടികളുടെ തട്ടിപ്പിന് ശേഷം കാനഡയിലേക്ക് കടന്നുകളഞ്ഞ താരയെ ഒക്ടോബർ 29-ന് ബെംഗളൂരു വിമാനത്താവളത്തിൽ നിന്നാണ് തമ്പാനൂർ പൊലീസ് പിടികൂടിയത്. റിമാൻഡിൽ കഴിയവെ പരാതിക്കാർക്ക് തുക മടക്കിനൽകാമെന്ന വാഗ്ദാനം നൽകിയതിനാൽ കഴിഞ്ഞ ചൊവ്വാഴ്ച ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു.

എന്നാൽ പണം മടക്കിനൽകാതിരുന്നതോടെ പുതുതായി പരാതികൾ എത്തിയതിനെ തുടർന്ന് പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന പുതിയ പരാതിയിലാണ് നടപടി. കോടതിയിൽ ഹാജരാക്കിയ താരയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതായും, കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യംചെയ്യുമെന്നും പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img