
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ചോദ്യം ചെയ്യപ്പെട്ടവരെയടക്കം ക്ഷേത്രഭരണത്തിൽ തിരുകിക്കയറ്റാനുള്ള നീക്കം പാളി. മാനദണ്ഡങ്ങൾ ലംഘിച്ച് തയ്യാറാക്കിയ മേജർ ക്ഷേത്രങ്ങളിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരുടെ നിയമനപ്പട്ടിക തിരുവിതാംകൂർ ദേവസ്വം ബോർഡ് വെട്ടിത്തിരുത്തി. അഴിമതിക്കാരെയും ആരോപണവിധേയരെയും സംരക്ഷിക്കുന്നതിനെതിരെ ' മാധ്യമങ്ങൾ രംഗത്ത് വന്നതിന് പിന്നാലെയാണ് ഈ നാടകീയ തിരുത്തൽ.
ദേവസ്വം മന്ത്രി കെ. മുരളീധരൻ നൽകിയ കർശന നിർദ്ദേശത്തെത്തുടർന്ന് ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ഇടപെട്ട് അടിയന്തര യോഗം വിളിച്ചാണ് പുതിയ ഉത്തരവിറക്കിയത്. ഇതോടെ 75 പേരുടെ പട്ടികയിലുണ്ടായിരുന്ന 20 വിവാദ നിയമനങ്ങൾ പൂർണ്ണമായും റദ്ദാക്കി. കൂടാതെ, മേജർ ക്ഷേത്രങ്ങളിലെ സ്ഥലമാറ്റങ്ങൾക്ക് ഇനി മുതൽ വിജിലൻസ് ക്ലിയറൻസ് നിർബന്ധമാക്കാനും ബോർഡ് തീരുമാനിച്ചിട്ടുണ്ട്.
പദവി തെറിച്ച പ്രമുഖർ
അഴിമതി ആരോപണങ്ങളും അന്വേഷണങ്ങളും നേരിടുന്ന ഉദ്യോഗസ്ഥരെ തന്ത്രപ്രധാന തസ്തികകളിൽ നിന്ന് മാറ്റി റെക്കോർഡ് വേഗതയിലാണ് പുതിയ ഉത്തരവിറക്കിയത്.
ശ്രീശങ്കർ (ശബരിമല എ.ഓ): സ്വർണ്ണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണസംഘം (S.I.T) ചോദ്യം ചെയ്ത ഇയാളെ ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് മാറ്റി.
ശ്യാം (വള്ളിയങ്കാവ് എ.ഓ): പണാപഹരണക്കേസിൽ ആരോപണവിധേയനായ ഇയാളെ കൊട്ടാരക്കര അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസറാക്കി തരംതാഴ്ത്തി.
വിഷ്ണു (വിജിലൻസ് ഓഫീസർ): മുണ്ടക്കയം അസിസ്റ്റന്റ് കമ്മിഷണറായാണ് പുതിയ നിയമനം.
വൈക്കം, തിരുവല്ലം, കൊട്ടാരക്കര, ഉള്ളൂർ തുടങ്ങിയ പ്രധാന ക്ഷേത്രങ്ങളിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരെയും അസിസ്റ്റന്റ് കമ്മിഷണർമാരെയും മാറ്റിയ പുതിയ പട്ടികയാണ് ഇപ്പോൾ നിലവിൽ വന്നിട്ടുള്ളത്.
രാഷ്ട്രീയ അട്ടിമറി നീക്കം പൊളിഞ്ഞു
ഹൈക്കോടതി അംഗീകരിച്ച സീനിയോറിറ്റിയും ചട്ടങ്ങളും കാറ്റിൽപ്പറത്തിയാണ് മുൻപ് പട്ടിക തയ്യാറാക്കിയത്. ബോർഡിലെ ഒരു സി.പി.എം അംഗത്തിന്റെ കടുത്ത പിടിവാശിയെത്തുടർന്ന് പ്രസിഡന്റിന്റെ വിയോജിപ്പ് മറികടന്ന് മുൻപത്തെ പട്ടിക പുറത്തിറക്കുകയായിരുന്നു എന്ന് ആക്ഷേപമുണ്ട്. ഇതിനെതിരെ കോൺഗ്രസ് അനുകൂല സംഘടനയായ ദേവസ്വം എംപ്ലോയീസ് ഫ്രണ്ടും രംഗത്തെത്തിയിരുന്നു.
ഒടുവിൽ വാർത്ത പുറത്തുവന്നതോടെ കടുത്ത അതൃപ്തി അറിയിച്ച മന്ത്രി കെ. മുരളീധരൻ, സ്വർണ്ണക്കൊള്ളക്കേസ് പ്രതികളെ മാറ്റിനിർത്തണമെന്ന് കത്തിലൂടെ കർശനമായി ആവശ്യപ്പെടുകയായിരുന്നു.
"വിജിലൻസ് അന്വേഷണവും ഗുരുതര ആരോപണങ്ങളും നേരിടുന്നവരെ പ്രധാന തസ്തികകളിൽ നിയമിച്ചത് പുനഃപരിശോധിക്കണമെന്ന് ബോർഡ് പ്രസിഡന്റിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരുന്നു."
— കെ. മുരളീധരൻ (ദേവസ്വം മന്ത്രി)
"പ്രകടമായ പരാതികളെല്ലാം പരിഹരിച്ചു. നിയമനത്തിൽ പുനഃപരിശോധന നടത്തണമെന്ന മന്ത്രിയുടെ നിർദ്ദേശം ബോർഡ് പൂർണ്ണമായി അംഗീകരിച്ചു."
— കെ. ജയകുമാർ (തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്)










