
ചവറ: വീട്ടിലെത്തും, ആദ്യം ചെമ്പുപാത്രങ്ങളും നിലവിളക്കുകളും വൃത്തിയാക്കി വിശ്വാസം നേടും. പിന്നീട് വീട്ടിലെ സ്ത്രീകളുടെ സ്വർണാഭരണങ്ങളിൽ അഴുക്കുണ്ടെന്ന് പറഞ്ഞ് ഊരിവാങ്ങും. രാസലായനിയിൽ മുക്കിയെടുത്ത് സ്വർണം അലിയിച്ച ശേഷം ആഭരണം തിരികെ നൽകും. ചവറയിൽ സമാന രീതിയിൽ സ്വർണത്തട്ടിപ്പ് നടത്തിയ രണ്ടുപേർ ഒടുവിൽ പൊലീസിന്റെ പിടിയിലായി.
ബിഹാർ അറാറിയ, നിയർമന്ദിർ, ധാമ സ്വദേശി ദിനേശ് സഹ (45), ബിഹാർ സുപോൾ, ജാദിയ സ്വദേശി സച്ചിൻ കുമാർ സഹ (36) എന്നിവരെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്. വീടുകളിൽ കയറി സ്ത്രീകളെ കബളിപ്പിച്ചാണ് ഇരുവരും സ്വർണം തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ഓടെ ചവറ ബ്രിജ് ശ്രീകൃഷ്ണ ഭവനിൽ ശോഭന (74)യുടെ വീട്ടിലാണ് സംഘം ആദ്യം എത്തിയത്. 18 ഗ്രാം തൂക്കമുള്ള മാല ഊരിവാങ്ങിയ ശേഷം രാസലായനിയിൽ മുക്കി. പിന്നീട് മാല തിരികെ നൽകിയെങ്കിലും ആഭരണം കറുത്തനിറത്തിലായിരുന്നു.
മാലയുടെ നിറം മാറിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ മഞ്ഞൾവെള്ളത്തിൽ മുക്കിയാൽ തിളക്കം തിരിച്ചുകിട്ടുമെന്ന് സംഘം പറഞ്ഞതായാണ് വിവരം. ഇതിനിടെ ശോഭനയുടെ മകൾ വീട്ടിലെത്തി മാല പരിശോധിച്ചതോടെ സംശയം തോന്നി. ഇരുവരെയും തടയാൻ ശ്രമിച്ചെങ്കിലും സംഘം അവിടെനിന്ന് രക്ഷപ്പെട്ടു.
തുടർന്ന് മാല ജ്വല്ലറിയിൽ പരിശോധിച്ചതോടെയാണ് തട്ടിപ്പിന്റെ വിവരം പുറത്തായത്. 18 ഗ്രാം മാലയിൽ ആറ് ഗ്രാം സ്വർണം നഷ്ടപ്പെട്ടതായി പരിശോധനയിൽ കണ്ടെത്തി.
എന്നാൽ ഇതോടെ സംഘം പിന്മാറിയില്ല. ഇന്നലെ രാവിലെ നീണ്ടകര പരിമണത്ത് തറമേൽ കിഴക്കേതിൽ സതിയമ്മയുടെ വീട്ടിലെത്തിയ ഇരുവരും സമാന രീതിയിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ചു.
സതിയമ്മ ധരിച്ചിരുന്ന സ്വർണമാലയിൽ അഴുക്കുണ്ടെന്ന് പറഞ്ഞ് നിർബന്ധിച്ച് ഊരിവാങ്ങിയ സംഘം രാസലായനിയിൽ മുക്കി. പിന്നാലെ മഞ്ഞപ്പൊടി ഉപയോഗിച്ച് പൊതിഞ്ഞ് മാല തിരികെ നൽകി. എന്നാൽ മാല ഉടൻ പരിശോധിക്കരുതെന്ന് വീട്ടുകാരോട് നിർദേശിക്കുകയും ചെയ്തു.
ഇതാണ് വീട്ടുകാർക്ക് സംശയം തോന്നാൻ കാരണമായത്. നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും തടഞ്ഞുവച്ച ശേഷം പൊലീസിൽ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു.
സതിയമ്മയുടെ 10 ഗ്രാം സ്വർണമാല പരിശോധിച്ചപ്പോൾ മൂന്ന് ഗ്രാം സ്വർണം നഷ്ടപ്പെട്ടതായി കണ്ടെത്തി. മാല പൊട്ടിച്ചിതറിയ നിലയിലുമായിരുന്നു.
രണ്ട് സംഭവങ്ങളിലും ചവറ പൊലീസ് കേസെടുത്തിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. എസ്എച്ച്ഒ സുജോ ജോർജ് ആന്റണി, എസ്ഐമാരായ ബി. ഓമനക്കുട്ടൻ, അഭിജിത്ത്, എഎസ്ഐമാരായ സജീവ്, രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.











