12:56pm 30 April 2026
NEWS
സ്വർണ്ണക്കടത്ത്: രന്യറാവുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 21ന് പരിഗണിക്കാനായി മാറ്റി
18/04/2025  11:24 AM IST
വിഷ്ണുമംഗലം കുമാർ
സ്വർണ്ണക്കടത്ത്: രന്യറാവുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 21ന് പരിഗണിക്കാനായി മാറ്റി

കർണാടകം: പ്രമാദമായ സ്വർണ്ണക്കടത്ത് കേസ്സിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന സിനിമാനടി രന്യറാവുവിന്റെ ജാമ്യാപേക്ഷയിൽ പ്രതിഭാഗം വാദംകേട്ട ഹൈക്കോടതി വിശദമായ വാദത്തിനായി ഈ മാസം 21 ലേക്ക് മാറ്റി. ദുബായിൽ നിന്ന് സ്വർണ്ണവുമായി ബംഗളുരു എയർപോർട്ടിലെത്തിയ രന്യ റാവു ഗ്രീൻചാനലിലൂടെ പുറത്തുകടക്കാൻ ശ്രമിക്കവെയാണ് മാർച്ച് മൂന്നിന് ഡി ആർ ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്)യുടെ പിടിയിലായത്.  ഡിജിപി റാങ്കിലുള്ള കെ രാമചന്ദ്രറാവു ഐപിഎസ് രന്യയുടെ രണ്ടാനച്ഛനാണ്. അദ്ദേഹത്തിന്റെ പ്രോട്ടോക്കോൾ സൗകര്യമുപയോഗിച്ചാണ് രന്യ ഗ്രീൻചാനൽ വഴി പുറത്തിറങ്ങാൻ ശ്രമിച്ചത്. വ്യവസായിയും നടനുമായ കൂട്ടാളി തരുൺ രാജുവും ജയിലിലാണ്. മാർച്ച് 27 ന് സാഹിൽ ജെയിൻ എന്ന സ്വർണ്ണവ്യാപാരിയും അറസ്റ്റ് ചെയ്യപ്പെട്ടു. നിരവധി തവണ തനിച്ചും തരുൺ രാജുവിനോട് ഒപ്പവും ദുബായ് യാത്ര നടത്തിയിട്ടുള്ള രന്യ പിടിക്കപ്പെടുന്നതിന് മുമ്പ് മൂന്ന് തവണ സ്വർണ്ണം കടത്തിയിട്ടുണ്ടെന്ന് ഡി ആർ ഐ കണ്ടെത്തിയിട്ടുണ്ട്. സ്വർണ്ണം വാങ്ങാനുള്ള പണം ബംഗളുരുവിൽ നിന്ന് ദുബായിലെത്തിച്ചത് ഹവാല വഴിയാണ്. തരുൺ രാജിന്റെയും സാഹിൽ ജയിനിന്റെയും സഹായത്തോടെയാണ് രന്യ ഇക്കാര്യങ്ങളൊക്കെ ചെയ്തതെന്ന് ഡി ആർ ഐ കോടതിയിൽ സമർപ്പിച്ച രേഖയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വർണ്ണക്കടത്ത്, ഹവാല എന്നീ കുറ്റങ്ങളാണ് രന്യയിൽ ചുമത്തിയിട്ടുള്ളത്. മജിസ്‌ട്രേറ്റ് കോടതിയും സെഷൻസ് കോടതിയും ജാമ്യാപേക്ഷ നിരസിച്ചതിനെ തുടർന്നാണ് ര ന്യ ഹൈക്കോടതിയിലെത്തിയത്. അറസ്റ്റുചെയ്യുമ്പോൾ നിയമപ്രകാരമുള്ള നിബന്ധനകൾ പാലിച്ചിട്ടില്ലെന്നും പിടിച്ചെടുത്തു എന്നു പറയുന്ന സ്വർണ്ണത്തിന്റെ അളവിനെപ്പറ്റി വ്യത്യസ്ത വിവരങ്ങളാണ് ഡി ആർ ഐ നൽകുന്നതെന്നും രന്യയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സന്ദേശ് ചൗദ, ജസ്റ്റിസ് എസ്. വിശ്വനാഥ് ഷെട്ടി മുമ്പാകെ വാദിച്ചു. അറസ്റ്റ് ചെയ്യുമ്പോൾ വനിത ഗസറ്റഡ് ഓഫീസറുടെ സാന്നിധ്യമുണ്ടായിരുന്നില്ലെന്നും ബന്ധുക്കളെ നേരിട്ട് വിവരമറിയിച്ചില്ലെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. എതിർ സത്യവാങ് മൂലം ഫയൽ ചെയ്യാൻ സാവകാശം വേണമെന്ന ഡി ആർ ഐ യുടെ അഭ്യർത്ഥന മാനിച്ചാണ് കേസ് 21ലേക്ക് മാറ്റിയത്. തരുൺരാജുവിന്റെ ജാമ്യാപേക്ഷയും ഹൈക്കോടതി അന്ന് പരിഗണിക്കും. അതിനിടെ സാഹിൽ ജയിനിന്റെ ജാമ്യ ഹരജി സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി തള്ളിയിട്ടുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img