07:25pm 08 May 2026
NEWS
സ്വർണ്ണം കടത്തിയ രന്യറാവുവിന്റെ രണ്ടാനച്ഛൻ സർവീസിൽ തിരിച്ചെത്തി; ഡിജിപി (പോലീസ് മാന്വൽ) ആയി പുതിയ നിയമനം
08/05/2026  10:53 AM IST
വിഷ്ണുമംഗലം കുമാർ
സ്വർണ്ണം കടത്തിയ രന്യറാവുവിന്റെ രണ്ടാനച്ഛൻ സർവീസിൽ തിരിച്ചെത്തി; ഡിജിപി (പോലീസ് മാന്വൽ) ആയി പുതിയ നിയമനം

ബംഗളുരു: കർണാടകത്തിൽ സൽപ്പേരും പ്രശസ്തിയുമുണ്ടായിരുന്ന മുതിർന്ന ഐ പി എസ്സ് ഉദ്യോഗസ്ഥനായിരുന്നു കെ രാമചന്ദ്ര റാവു. പല പദവികളും അലങ്കരിച്ചിട്ടുള്ള അദ്ദേഹം നിലവിലെ ആഭ്യന്തരമന്ത്രി ഡോ: ജി. പരമേശ്വരയുമായി വ്യക്തിപരമായി അടുപ്പമുള്ള ഓഫീസറായിരുന്നു. കഴിഞ്ഞ വർഷം സിവിൽ റൈറ്റ്സ് എൻഫോഴ്‌സ്മെന്റിന്റെ ചുമതലയുള്ള ഡിജിപി ആയിരിക്കെയാണ് സർവീസിൽ നിന്ന് സസ്പെൻഡ്‌ ചെയ്യപ്പെട്ടത്.ബംഗളുരുവിലെ എയർപോർട്ടിന്റെ ഗ്രീൻ ചാനലിലൂടെ സ്വർണ്ണം കടത്തിയ സിനിമാനടി രന്യറാവുവിനെ ഡയറക്ടറേറ് ഓഫ് റവന്യൂ ഇന്റലിജൻസ് അധികൃതർ തൊണ്ടി സഹിതം പിടികൂടിയിരുന്നു. രന്യ റാവുവിന്റെ രണ്ടാനച്ഛനാണ് രാമചന്ദ്ര റാവു. അദ്ദേഹത്തിന്റെ പ്രോട്ടോകോൾ സൗകര്യങ്ങൾ ദുരുപയോഗപ്പെടുത്തിയാണ് രന്യ റാവു സ്വർണ്ണം കടത്തിയത് എന്ന് തെളിഞ്ഞതിനാലാണ് ഗവണ്മെന്റ് രാമചന്ദ്ര റാവുവിനെതിരെ നടപടി എടുത്തത്. നിർബന്ധിത അവധിയിൽ പോകാനാണ് ഗവണ്മെന്റ് ആദ്യം നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ പരാതിക്കാരിയായ ഒരു സ്ത്രീയോട് അദ്ദേഹം അപമര്യാദയായി പെരുമാറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സസ്പെൻഷനിൽ ആയത്. മാസങ്ങളോളം ജാമ്യം കിട്ടാതെ ജയിലിൽ കഴിഞ്ഞ രന്യറാവു മോചിതയായത് കഴിഞ്ഞ മാസമാണ്. സ്വർണ്ണക്കടത്ത് കേസ് തുടരുകയാണ്. തൊണ്ടിയും അതോടൊപ്പം അതിന് മുമ്പ് കടത്തിയ സ്വർണ്ണം വിറ്റ് രന്യറാവു സ്വന്തമാക്കിയ സ്വത്തുവകകളും റവന്യൂ ഇന്റലിജൻസ് കണ്ടുകെട്ടിയിരുന്നു. അതിനിടയിൽ രാമചന്ദ്ര റാവുവിനെ ഗവണ്മെന്റ് സർവീസിൽ തിരിച്ചെടുത്തു. ഡിജിപി(പോലീസ് മാന്വൽ ) ആയിട്ടാണ് പുതിയ നിയമനം. രന്യറാവുവിന്റെ സ്വർണ്ണക്കടത്ത് രാമചന്ദ്ര റാവുവിന് ഉണ്ടാക്കിയിട്ടുള്ള മാനഹാനി തെല്ലൊന്നുമല്ല. രണ്ടാനച്ഛന്റെ സ്വാധീനം രന്യറാവു മുതലെടുക്കുകയായിരുന്നത്രെ. സ്വർണ്ണക്കടത്തിനെ കുറിച്ച് രാമചന്ദ്ര റാവുവിന് അറിവുണ്ടായിരുന്നില്ല എന്നാണ് വകുപ്പുതല അന്വേഷണത്തിൽ വ്യക്തമായതെന്ന് അറിയുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img