
തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ന് സ്വർണവില കുതിച്ചുയർന്നു. പവന് ആയിരം രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണിവില 95,200 രൂപയായി. ഗ്രാമിന് 125 രൂപ കൂടി 11,900 രൂപയിലെത്തി. നവംബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്നലെ പവന് 520 രൂപ കൂട്ടി 94,200 രൂപയായിരുന്നു. നവംബറിൽ ആദ്യമായാണ് സ്വർണവില 95,000 രൂപയുടെ മുകളിൽ പോകുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് നവംബർ 5-നായിരുന്നു—അന്ന് പവൻ 89,080 രൂപയും ഗ്രാമിന് 11,135 രൂപയുമായിരുന്നു.
ഇന്ത്യയാണ് ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളിൽ ഒന്നായി തുടരുന്നത്. വർഷംതോറും ടൺ കണക്കിന് സ്വർണം ഇറക്കുമതി ചെയ്യുന്നതിനാൽ ആഗോള മാർക്കറ്റിലെ ചെറിയ മാറ്റങ്ങളും ആഭ്യന്തര വിപണിയിൽ നേരിയതോ വലിയതോ ആയ സ്വാധീനങ്ങൾ ഉണ്ടാക്കാറുണ്ട്. എന്നാൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുറയുന്നത് ഇന്ത്യയിൽ നേരിട്ട് പ്രതിഫലിക്കണമെന്നില്ല. രൂപയുടെ മൂല്യത്തിൽ വരുന്ന മാറ്റം, പ്രാദേശിക ആവശ്യകത, ഇറക്കുമതി തീരുവ തുടങ്ങിയ ഘടകങ്ങളാണ് ആഭ്യന്തര സ്വർണവിലയെ നിർണയിക്കുന്നത്.
നിലവിൽ വിവിധ മേഖലയിലെ പ്രാദേശിക ഗോൾഡ് അസോസിയേഷനുകളാണ് വില നിർണയം നടത്തി വരുന്നത്. ആവശ്യകത അനുസരിച്ച് ഇവർ ദിവസത്തിൽ രണ്ടുതവണ വരെ നിരക്ക് പുതുക്കാറുണ്ട്. അതേസമയം സംസ്ഥാനത്ത് വെള്ളിവിലയും കുത്തനെ ഉയർന്നിരിക്കുകയാണ്. ഇന്ന് ഗ്രാമിന് 192 രൂപയായി ഉയർന്നപ്പോൾ, കിലോഗ്രാമിന് 1,92,000 രൂപയായി. ഇന്നലെ ഗ്രാമിന് 183 രൂപയായിരുന്നു. ഡോളർ-രൂപ വിനിമയ മൂല്യത്തിലെ മാറ്റങ്ങളും വെള്ളിവിലയിൽ പ്രധാന സ്വാധീനം ചെലുത്തുന്നു.











