
ദോഹ: ഖത്തർ വിപണിയിൽ ഈ ആഴ്ച സ്വർണ്ണവിലയിൽ 1.88 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ഖത്തർ നാഷണൽ ബാങ്ക് (QNB) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് സ്വർണ്ണവില ഔൺസിന് 4,703.16 ഡോളറിൽ എത്തി.
കഴിഞ്ഞ ഞായറാഴ്ച ഔൺസിന് 4,616.28 ഡോളറായിരുന്ന വിലയിൽ നിന്നാണ് ഈ കുതിച്ചുചാട്ടം ഉണ്ടായത്. സ്വർണ്ണത്തോടൊപ്പം മറ്റ് വിലപിടിപ്പുള്ള ലോഹങ്ങളുടെ വിലയിലും ഈ ആഴ്ച മാറ്റങ്ങൾ പ്രകടമാണ്.അതേസമയം 3.08 ശതമാനം വർദ്ധനവോടെ വെള്ളി ഔൺസിന് 77.70 ഡോളർ എന്ന നിരക്കിലെത്തി. ആഴ്ചയുടെ തുടക്കത്തിൽ ഇത് 75.38 ഡോളറായിരുന്നു.3.45 ശതമാനത്തിന്റെ വലിയ മുന്നേറ്റമാണ് പ്ലാറ്റിനം കാഴ്ചവെച്ചത്. ഞായറാഴ്ച 1995.63 ഡോളറായിരുന്ന വില നിലവിൽ 2,064.58 ഡോളറിൽ എത്തിനിൽക്കുന്നു.
ആഗോള സാമ്പത്തിക സാഹചര്യങ്ങളും നിക്ഷേപകരുടെ താല്പര്യങ്ങളുമാണ് ഖത്തർ വിപണിയിലെ ഈ വിലക്കയറ്റത്തിന് പിന്നിലെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.










