
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ അമ്പരപ്പിക്കുന്ന വർധനവ്. ഇന്ന് ഒരുപവൻ സ്വർണത്തിന് ഒറ്റയടിക്ക് 8,640 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരുപവൻ സ്വർണത്തിന് 1,31,160 രൂപയായി. ഗ്രാമിന് 1,080 രൂപ വർധിച്ച് 16,395 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. സംസ്ഥാനത്ത് ഒരു ദിവസം സ്വർണത്തിന് ഇത്രയധികം വില വർധിക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ്.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 9,954 രൂപ വർധന രേഖപ്പെടുത്തി. ഇതോടെ വില 1,75,869 രൂപയായി. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 5,591 ഡോളറിലെത്തി. ഈയാഴ്ച മാത്രം 10 ശതമാനത്തിലേറെ വർധനയാണ് ഉണ്ടായത്.
വെള്ളിവിലയിലും സമാന മുന്നേറ്റമാണ്. ചരിത്രത്തിലാദ്യമായി കിലോഗ്രാമിന് നാല് ലക്ഷം രൂപയ്ക്ക് അടുത്താണ് വെള്ളിയുടെ വില.
എന്താണ് വിലകുതിപ്പിന് പിന്നിൽ?
ഡോളറിന്റെ ഇടിവ്
യുഎസ് ഡോളർ നാല് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഡോളർ ദുർബലമാകുമ്പോൾ സ്വർണവില ഉയരുന്ന പതിവ് പ്രവണത ഇത്തവണയും ആവർത്തിച്ചു. ഡോളറിന്റെ മൂല്യം നിയന്ത്രിതമായി താഴ്ത്താൻ യുഎസ് ഭരണകൂടം തയ്യാറാകുന്നു എന്ന സൂചനകളും, ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുമെന്ന ട്രംപ് പരാമർശങ്ങളും വിപണിയെ ബാധിച്ചിട്ടുണ്ട്.
ഇടിയുന്ന ഉപഭോക്തൃ ആത്മവിശ്വാസം
യുഎസിലെ ഉപഭോക്തൃ ആത്മവിശ്വാസം 11 വർഷത്തിനിടയിലെ താഴ്ന്ന നിലയിൽ എന്നാണ് റിപ്പോർട്ട്. തൊഴിൽ മേഖലയിലെ മന്ദതയും ഉയർന്ന വിലനിലവാരവുമാണ് ഇതിനു കാരണം.
ഭൗമരാഷ്ട്രീയ അനിശ്ചിതത്വം
ആഗോള രാഷ്ട്രീയ സംഘർഷങ്ങൾ നിക്ഷേപകരെ സുരക്ഷിത ആസ്തികളിലേക്കാണ് നയിക്കുന്നത്. അതിനാൽ തന്നെ സ്വർണം വീണ്ടും ആദ്യ തിരഞ്ഞെടുപ്പായി.
ഇനി വില എവിടെത്തും?
കേന്ദ്ര ബാങ്കുകളും സ്വകാര്യ നിക്ഷേപകരും സ്വർണം ഉൾപ്പെടെയുള്ള ഭൗതിക ആസ്തികളിലേക്കുള്ള നിക്ഷേപം വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. 2026-ഓടെ സ്വർണവില ഔൺസിന് 6,000 ഡോളർ വരെ ഉയർന്നേക്കാമെന്ന് ഡോയ്ചെ ബാങ്ക് പ്രവചിക്കുന്നു. ഡോളർ ദുർബലതയും ആഗോള അനിശ്ചിതത്വങ്ങളും തുടർന്നാൽ സ്വർണവിലയിലെ ഈ മുന്നേറ്റം ഇനിയും ശക്തമാകാനാണ് സാധ്യത.











