
സംസ്ഥാനത്ത് സ്വർണവിലയിൽ പുതിയ റെക്കോർഡ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 62,480 രൂപയായി. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് സ്വർണത്തിന് ഇത്രയും വിലയെത്തുന്നത്. പവന് 840 രൂപയുടെ കുതിപ്പാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന്റെ വിലയാകട്ടെ 105 രൂപ കൂടി. ഇതോടെ ഒരഗ്രാം സ്വർണത്തിന്റെ വില 7810ലെത്തുകയും ചെയ്തു.
ആഗോളതലത്തിൽ സ്വർണം സമ്മർദത്തിലാണെന്നാണ് വിലയിരുത്തൽ. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില പത്ത് ഗ്രാമിന് 83,125 രൂപ നിലവാരത്തിലാണ്. ആഗോള വിപണിയിൽ ട്രോയ് ഔൺസിന് 2,819 ഡോളറിലുമാണ് വ്യാപാരം നടന്നത്.
രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതോടെയാണ് സ്വർണ വില വീണ്ടും കൂടിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരമായ 87.17ലെത്തിയിരുന്നു. ട്രംപ് ഭരണകൂടം താരിഫ് നടപടികൾ താൽക്കാലികമായി നിർത്തിയത് ആഗോള വിപണിയിൽ സ്വർണത്തിന് തിരിച്ചടിയായെങ്കിലും ഇവിടെ വില വർധിക്കാൻ കാരണമിതാണ്.











