11:35am 12 November 2026
NEWS
ലക്ഷവും കടന്ന് സ്വർണവില കുതിക്കുന്നു
23/12/2025  10:44 AM IST
nila
ലക്ഷവും കടന്ന് സ്വർണവില കുതിക്കുന്നു

കൊച്ചി: കേരളത്തിൽ സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ചൊവ്വാഴ്ച രാവിലെ ഒരു പവൻ സ്വർണത്തിന് 1,01,600 രൂപയെന്ന സർവകാല റെക്കോർഡിലെത്തി.  ഗ്രാമിന് 12,700 രൂപയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ കുറച്ചുവദിവസങ്ങളാണ് സ്വർണവില ഒരു ലക്ഷം രൂപയോട് തൊട്ടടുത്തായിരുന്നു.  ഇന്ന് ഒറ്റയടിക്ക് 1,760 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർധിച്ചത്. 

തിങ്കളാഴ്ച മാത്രം പവന് 1,440 രൂപയുടെ കുതിപ്പുണ്ടായി 99,840 രൂപയിലെത്തിയിരുന്നു. ഇതായിരുന്നു അതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക്. എന്നാൽ, ഒരു ദിവസത്തിനുള്ളിൽ തന്നെ അത് മറികടക്കുകയായിരുന്നു. നിലവിലെ വില കണക്കിലെടുക്കുമ്പോൾ, ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1.13 ലക്ഷം രൂപയ്ക്ക് മുകളിലാണ് ഉപഭോക്താവിന് ചെലവഴിക്കേണ്ടിവരുന്നത്. മൂന്നു ശതമാനം ജിഎസ്ടി, ശരാശരി 10 ശതമാനം പണിക്കൂലി, ഹോൾമാർക്കിങ് ചാർജ് എന്നിവ കൂടി ഉൾപ്പെടുത്തുമ്പോഴാണ് ഇത്രയും തുക വരുന്നത്. പണിക്കൂലി അനുസരിച്ച് വിലയിൽ മാറ്റം വരാനും സാധ്യതയുണ്ട്.

വിലയിൽ ദിവസേന ആയിരക്കണക്കിന് രൂപയുടെ വ്യത്യാസം ഉണ്ടാകുന്ന സാഹചര്യത്തിൽ, മുൻകൂട്ടി ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് മാത്രമാണ് നേരിയ ആശ്വാസം ലഭിക്കുന്നത്. എന്നാൽ, ഇത്തരം അഡ്വാൻസ് ബുക്കിങ്ങുകൾ മൂലം വ്യാപാരികൾക്ക് കോടികളുടെ നഷ്ടം നേരിടേണ്ടിവരുന്നുവെന്നാണ് ആഭരണ വ്യാപാരികളുടെ വിലയിരുത്തൽ.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര സ്വർണവിലയെ ശക്തമായി സ്വാധീനിക്കുന്നത്. അമേരിക്കൻ കേന്ദ്രബാങ്ക് പലിശനിരക്ക് കുറയ്ക്കുമെന്ന സൂചനകളും, യുഎസ്–വെനസ്വേല സംഘർഷസാധ്യതയും സ്വർണത്തിന് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ കൂടുതൽ ആകർഷണം നൽകുകയാണ്.

തിങ്കളാഴ്ച അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന്റെ വില 4,400 ഡോളർ കടന്ന് 4,411 ഡോളറിൽ വ്യാപാരം നടത്തി. ഇടപാടിനിടെ വില 4,421 ഡോളർ വരെയും ഉയർന്നിരുന്നു. അടുത്ത വർഷം അമേരിക്കയിൽ രണ്ടുതവണ പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും തൊഴിൽമേഖലയിലെ മാന്ദ്യസൂചനകളും സ്വർണവിലയെ കൂടുതൽ ഉയരത്തിലേക്ക് നയിക്കുമെന്നാണ് വിപണി വിലയിരുത്തൽ.

കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി സ്വർണവില പരിശോധിക്കുമ്പോൾ, നവംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ വില ഉയരുന്ന പ്രവണതയാണ് സാധാരണയായി കാണപ്പെടുന്നത്. നിലവിലെ സാഹചര്യത്തിൽ ഈ പ്രവണത ശക്തമാകുന്നുവെന്ന സൂചനകളാണ് വിപണി നൽകുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img