
കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് ഒറ്റയടിക്ക് വർധിച്ചത് 1,400 രൂപയാണ്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,06,840 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 175 രൂപ കൂടി 13,355 ലെത്തി. സ്വർണവില വീണ്ടും വർധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൈക്കൊള്ളുന്ന സാമ്പത്തിക നിലപാടുകളും അതിനെ തുടർന്ന് സാമ്പത്തിക മേഖലയിൽ രൂപം കൊള്ളുന്ന അനിശ്ചിതത്വവുമാണ് സ്വർണവില കുതിച്ചുയരാൻ കാരണമാകുന്നത്.
യൂറോപ്യൻ രാജ്യങ്ങൾക്കുമേൽ അധിക തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിയാണ് ആഗോള വിപണിയിൽ വില വർധിക്കാനിടയാക്കിയത്. ഇതേതുടർന്നുണ്ടായ വ്യാപാര ഭീതി സുരക്ഷിത നിക്ഷേപങ്ങളിലേക്ക് മാറാൻ പ്രേരണയായി. അതോടെ സ്വർണം, വെള്ളി എന്നിവയുടെ വില വീണ്ടും റെക്കോഡ് ഉയരം കുറിച്ചു.
ആഗോള വിപണിയിൽ സ്വർണ വില ട്രോയ് ഔൺസിന് 1.6 ശതമാനം ഉയർന്ന് 4,670 ഡോളർ നിലവാരത്തിലെത്തി. വെള്ളിയുടെ വിലയാകട്ടെ 4.4 ശതമാനം കുതിച്ച് 93.85 ഡോളറിലുമെത്തി. യുഎസിലെ തൊഴിൽ മേഖലയിലെ അനിശ്ചിതത്വവും ചൈനയിലെ സമ്പദ്‌വ്യവസ്ഥയിലെ ദുർബല സാഹചര്യവും ഗോൾഡ് ഇടിഎഫിലേയ്ക്കുള്ള നിക്ഷേപ വർധനവുമൊക്കെയാണ് വിലവർധനവിന്റെ മറ്റ് കാരണങ്ങൾ.











