
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 800 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 63,120 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന് 100 രൂപ കുറഞ്ഞ് 7,890 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഈ മാസം 11നാണ് സ്വർണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലെത്തിയത്. ഒരു പവന് 64,480 രൂപയും ഗ്രാമിന് 8,060 രൂപയും എന്നതായിരുന്നു അന്നത്തെ നിരക്ക്. അതിനുശേഷം നാലു ദിവസം കൊണ്ട് പവന് 1,360 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്.
രാജ്യാന്തരവിലയിലെ കഴിഞ്ഞ ദിവസങ്ങളിലെ റെക്കോർഡ് മുന്നേറ്റം മുതലെടുത്ത് ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണനിക്ഷേപ പദ്ധതികളിൽ വൻതോതിൽ ലാഭമെടുപ്പ് തകൃതിയായതാണ് വിലയിറക്കത്തിന് വഴിവച്ചത്. ഔൺസിന് കഴിഞ്ഞദിവസം 2,942 ഡോളർ എന്ന റെക്കോർഡിലെത്തിയ രാജ്യാന്തരവില, ഇന്നലെ ഒരുവേള 2,877 ഡോളറിലേക്ക് കൂപ്പുകുത്തി. ഇതു കേരളത്തിലും വില കുറയാൻ സഹായിച്ചു. നിലവിൽ വില 2,882.74 ഡോളർ.











