12:40pm 05 September 2026
NEWS
സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്
05/09/2026  11:04 AM IST
nila
സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ പത്താം ദിവസവും ഇടിവ്. ഇന്ന് ഗ്രാമിന് 170 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,190 രൂപയായി. പവന് 1,360 രൂപ കുറഞ്ഞ് 1,13,520 രൂപയിലെത്തി. ഓഗസ്റ്റ് 24ന് ഗ്രാമിന് 15,030 രൂപയും പവന് 1,20,240 രൂപയുമായിരുന്നു സ്വർണവില. അതിന് ശേഷം തുടർച്ചയായി വില താഴ്ന്നതോടെ പവന് 6,720 രൂപയുടെ ഇടിവാണ് ഇതുവരെ രേഖപ്പെടുത്തിയത്.

അന്താരാഷ്ട്ര വിപണിയിലെ വിലയിടിവാണ് കേരളത്തിലും സ്വർണവില കുറയാൻ പ്രധാന കാരണം. ഇന്നലെ രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ ഒരു ശതമാനത്തോളം ഇടിവുണ്ടായി. ഔൺസിന് 4,430 ഡോളറാണ് നിലവിലെ വില. ഉയർന്ന നിരക്കിൽ നിക്ഷേപകർ ലാഭമെടുപ്പ് നടത്തിയതും യുഎസ് ഡോളർ സൂചികയും ബോണ്ട് വരുമാനവും ഉയർന്നതുമാണ് സ്വർണവിലയെ സമ്മർദത്തിലാക്കിയത്. യുഎസ് ഫെഡറൽ റിസർവ് പലിശനിരക്കിൽ മാറ്റം വരുത്തുമോ എന്നതിൽ കൂടുതൽ വ്യക്തത തേടുകയാണ് വിപണി.

ഇന്ന് പുറത്തുവരുന്ന യുഎസ് നോൺ-ഫാം പേറോൾസ് കണക്കുകൾ സ്വർണവിപണിയെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ. സെപ്റ്റംബർ 15, 16 തീയതികളിലെ ഫെഡറൽ റിസർവ് യോഗത്തിന് മുന്നോടിയായി പലിശനിരക്കുമായി ബന്ധപ്പെട്ട അനിശ്ചിതത്വവും വിപണിയിലെ ചാഞ്ചാട്ടം വർധിപ്പിക്കുന്നുണ്ട്.

അതേസമയം, യുഎസ്-ഇറാൻ സംഘർഷം പണപ്പെരുപ്പ ആശങ്കകൾ ശക്തമാക്കുന്നതും ബോണ്ട് വിപണിയിലെ നീക്കങ്ങളും സ്വർണവിലയിൽ സമ്മർദം തുടരാൻ ഇടയാക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കേരളത്തിലെ ആഭ്യന്തര വിപണിയിലും തുടർച്ചയായ വിലമാറ്റം ഉപഭോക്താക്കളിലും വ്യാപാരികളിലും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img