
കേരളത്തിൽ സ്വർണവിലയിൽ ഇന്ന് ഇടിവുരേഖപ്പെടുത്തി. പവന് 200 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരുപവൻ സ്വർണത്തിന് 95,480 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 11,935 രൂപയിലെത്തി.അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിനുണ്ടായ ഇടിവാണ് കേരളത്തിലും പ്രതിഫലിച്ചത്.
അന്താരാഷ്ട്ര വില ഔൺസിന് 2 ഡോളർ താഴ്ന്ന് 4,217 ഡോളറിലാണ് വ്യാപാരം ചെയ്യുന്നത്. മറ്റു കറൻസികൾക്കെതിരെ വീണ്ടും ഡോളർ കരകയറുന്നതും ലാഭമെടുപ്പ് സമ്മർദവുമാണ് സ്വർണവില താഴാൻ പ്രധാന കാരണം.
അതേസമയം, യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടുത്തയാഴ്ച ചേരുന്ന പണനയ നിർണയ സമിതിയുടെ യോഗത്തിൽ അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്ന് സൂചനകളുണ്ട്. പലിശ കുറഞ്ഞാൽ സ്വർണം വീണ്ടും തിരിച്ചുകയറ്റം തുടങ്ങുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. ഇന്ത്യൻ രൂപ ഇന്ന് രാവിലെ ഡോളറിനെതിരെ 7 പൈസ താഴ്ന്ന് റെക്കോർഡ് താഴ്ചയായ 89.85ൽ എത്തി. രൂപ തളർന്നില്ലായിരുന്നെങ്കിൽ സ്വർണവില ഇന്ന് കേരളത്തിൽ ഇതിലുമധികം കുറയുമായിരുന്നു.
സംസ്ഥാനത്ത് 18 കാരറ്റ് സ്വർണവില ചില ജ്വല്ലറികളിൽ ഗ്രാമിന് 20 രൂപ കുറഞ്ഞ് 9,875 രൂപയായി. വെള്ളിവില പക്ഷേ ഗ്രാമിന് 2 രൂപ ഉയർന്ന് 188 രൂപയിലെത്തി. മറ്റ് ചില ജ്വല്ലറികൾ 18 കാരറ്റ് സ്വർണത്തിന് നൽകിയ വില ഗ്രാമിന് 20 രൂപ കുറച്ച് 9,815 രൂപയാണ്. വെള്ളിവില മാറിയില്ല; ഗ്രാമിന് 183 രൂപ.










