
സ്വർണവിലയിൽ ഇതുവരെ കാണാത്ത വർധനവിനാണ് ഇന്ന് സാക്ഷ്യം വഹിച്ചത്. ഒരു ദിവസത്തിനുള്ളിൽ രണ്ടു ഘട്ടങ്ങളിലായി സ്വർണവില 5,480 രൂപ ഉയർന്നു. ഇത്ര വലിയ വിലക്കുതിപ്പ് ഒറ്റദിവസം മുൻപൊരിക്കലും ഉണ്ടായിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. രാജ്യാന്തര വിപണിയിൽ നേരത്തെ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും, ഇത്തരമൊരു കുതിപ്പ് അപൂർവമാണെന്നാണ് വിലയിരുത്തൽ. നിലവിൽ ഗ്രാമിന് 14,415 രൂപയും പവൻ വില1,15,320 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
കേരളത്തിലും ആഗോളതലത്തിലും സ്വർണവില ചരിത്രത്തിലെ ഉയർന്ന നിലയിലേക്കാണ് കുതിച്ചിരിക്കുന്നത്. ഇതോടെ സ്വർണം വാങ്ങാൻ കാത്തിരുന്ന സാധാരണക്കാർ കൂടുതൽ പ്രതിസന്ധിയിലായി. വില കുറയുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കണമോ, അതോ ഇപ്പോൾ തന്നെ വാങ്ങണമോ എന്ന ചോദ്യമാണ് പലർക്കുമുന്നിൽ.
സമീപകാലത്ത് സ്വർണവിലയിൽ വലിയ ഇടിവുണ്ടാകാൻ സാധ്യത കുറവാണെന്ന് വിപണി വിദഗ്ധർ പറയുന്നു. ചെറിയ മാറ്റങ്ങൾ ഉണ്ടാകാമെങ്കിലും വിലയിൽ വലിയ കുറവ് പ്രതീക്ഷിക്കുന്നില്ല. ഈ സാഹചര്യം തിരിച്ചറിഞ്ഞ് കേരളത്തിൽ സ്വർണ നിക്ഷേപത്തിലേക്ക് തിരിയുന്നവരുടെ എണ്ണം വർധിച്ചിരിക്കുകയാണ്.
നിലവിലെ വിലയിൽ സ്വർണം വാങ്ങി അടുത്ത വർഷം വിറ്റാൽ പോലും ലാഭം ലഭിക്കുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. ആഭരണങ്ങളേക്കാൾ സ്വർണനാണയങ്ങളും ബുള്ള്യനുമാണ് നിക്ഷേപകർ കൂടുതലായി തിരഞ്ഞെടുക്കുന്നത്.
രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4,800 ഡോളർ കടന്നിട്ടുണ്ട്. അടുത്ത കാലയളവിൽ ഇത് 5,000 ഡോളർ എന്ന മനശ്ശാസ്ത്രപരമായ നിലയും മറികടക്കാമെന്നാണ് വിലയിരുത്തൽ. അങ്ങനെ സംഭവിച്ചാൽ കേരളത്തിൽ സ്വർണവില ഇനിയും ഉയരുമെന്നാണ് സൂചന.
വില കുറയാൻ കാത്തിരിക്കുന്നവർക്കിത് തിരിച്ചടിയായേക്കും. സ്വർണവിപണിയിലെ ഈ കുതിപ്പ് ഇനി എവിടേക്കാണ് എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.











