
സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. ഇന്നു മാത്രം രണ്ടു തവണയാണ് സ്വർണവില വർധിച്ചത്. ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 60 രൂപയും പവന് 480 രൂപയും വർധിച്ചതോടെ ഗ്രാമിന്റെ വില 12,410 രൂപയിലും പവന്റെ വില 99,280 രൂപയിലും എത്തി. ഇതോടെ കേരളത്തിൽ സ്വർണവില സർവകാല റെക്കോർഡ് കുറിച്ചു. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ പവന് 600 രൂപയുടെ വർധന ഉണ്ടായി 98,800 രൂപയിലെത്തിയിരുന്നു. ഉച്ചയ്ക്കുശേഷമുള്ള വർധന കൂടി കണക്കിലെടുക്കുമ്പോൾ ഒരുദിവസംകൊണ്ട് പവന് ആകെ 1,080 രൂപയാണ് കൂടിയത്.
18 കാരറ്റ് സ്വർണത്തിനും വില ഉയർന്നു. ഗ്രാമിന് 50 രൂപ വർധിച്ച് 10,205 രൂപയിലാണ് 18 കാരറ്റ് സ്വർണവില. 14 കാരറ്റിന് ഗ്രാമിന് 7,945 രൂപയും ഒമ്പത് കാരറ്റിന് 5,125 രൂപയുമാണ് ഇന്നത്തെ വില.
അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യാന്തര വിപണിയിൽ സ്വർണവില കുതിച്ചത്. രാവിലെ ഔൺസിന് 4,302 ഡോളറിൽ വ്യാപാരം തുടങ്ങിയ സ്വർണം പിന്നീട് 4,344 ഡോളറിലേക്കുയർന്നു. ഏകദേശം ഒരു ശതമാനത്തോളം വർധനയാണ് രേഖപ്പെടുത്തിയത്.
നിലവിലെ പ്രവണത തുടർന്നാൽ കേരളത്തിൽ പവൻ വില ഉടൻ തന്നെ ഒരു ലക്ഷം രൂപ എന്ന മാന്ത്രിക സംഖ്യ തൊടുമെന്നാണ് സൂചന. രാജ്യാന്തര വിലയിൽ 50 ഡോളറിന്റെ കൂടി വർധന ഉണ്ടാകുകയാണെങ്കിൽ സംസ്ഥാനത്ത് പവൻ വില ലക്ഷം കടക്കും. ഗ്രാമിന് ഇനി വെറും 90 രൂപയുടെ മാത്രം വ്യത്യാസമാണ് ആ നിലയിലേക്കെത്താൻ.
ഇപ്പോൾ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ പോലും ഒരു പവൻ ആഭരണം വാങ്ങാൻ ഒരു ലക്ഷത്തി അയ്യായിരം രൂപയിലധികം നൽകേണ്ട അവസ്ഥയാണ്. വില വർധന തുടരുന്നതോടെ സ്വർണക്കച്ചവടത്തിൽ വലിയ ഇടിവുണ്ടാകുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു. അത്യാവശ്യക്കാർ പോലും ആഭരണവാങ്ങൽ മാറ്റിവെക്കുകയാണ് എന്നതാണ് വിപണിയിലെ യാഥാർഥ്യം.











