
സ്വർണ വിലയിൽ ഇന്ന് വൻ കുതിപ്പ്. ഇറക്കുമതി തീരുവ കൂട്ടിയതോടെയാണ് സ്വർണവില കുതിച്ചു കയറിയത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 10,200 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,23,120 രൂപയായി. ഗ്രാമിന് 1,275 രൂപ വർധിച്ച് 15,390 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
സ്വർണം ഇറക്കുമതിക്ക് സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാാണ്. രൂപയുടെ മൂല്യത്തകർച്ച തടയുന്നതിനും വിദേശ നാണ്യ ശേഖരം സംരക്ഷിക്കുന്നതിനുമാണ് കേന്ദ്രസർക്കാർ നടപടി. വെള്ളി ഉൾപ്പെടെയുള്ള മൂല്യം കൂടിയ ലോഹങ്ങളുടെയെല്ലാം തീരുവ സെസ് ഉൾപ്പടെ 15 ശതമാനമാക്കിയിട്ടുണ്ട്.
അസംസ്‌കൃത എണ്ണയും സ്വർണവും വാങ്ങുന്നതിനായി വൻതോതിൽ ഡോളർ ചെലവഴിക്കുന്നത് രാജ്യത്തെ വിദേശ നാണ്യ ശേഖരത്തെ ബാധിക്കുന്നുണ്ട്. ഇത് പരിഹരിക്കാനാണ് കേന്ദ്ര സർക്കാരിന്റെ അസാധാരണ നീക്കം. സ്വർണം വാങ്ങുന്നത് പരമാവധി കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ ആഹ്വാനം ചെയ്തിരുന്നു.
നിയന്ത്രണം വന്നേക്കുമെന്ന സൂചനയെ തുടർന്ന് കഴിഞ്ഞ ദിവസം സ്വർണം വാങ്ങാൻ അസാധാരണ തിരക്കായിരുന്നു. വില കൂടിയ സാഹചര്യത്തിൽ ലാഭമെടുക്കാനും നിക്ഷേപകർ ശ്രമിച്ചേക്കും.










