
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിപണിയിൽ വില ഇടിവ് തുടരുന്നു. രാജ്യാന്തര വിപണിയിലെ സമ്മർദങ്ങൾക്കിടെ ഇന്ന് സ്വർണവിലയിൽ വീണ്ടും കനത്ത കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ പവന് 1,160 രൂപ കുറഞ്ഞതിന് പിന്നാലെ ഇന്ന് കൂടി 2,680 രൂപ ഇടിഞ്ഞതോടെ സ്വർണവില 1,06,960 രൂപയായി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 335 രൂപ കുറഞ്ഞ് 13,370 രൂപയിലെത്തി. ഇന്നലെ വൈകുന്നേരം ഗ്രാമിന് 13,705 രൂപയായിരുന്ന വിലയാണ് ഇന്ന് വീണ്ടും താഴ്ന്നത്. 18 കാരറ്റ് സ്വർണത്തിനും ഇടിവ് ബാധിച്ചു. ഗ്രാമിന് 115 രൂപ കുറഞ്ഞ് 11,265 രൂപയായാണ് വ്യാപാരം നടക്കുന്നത്.
അമേരിക്കൻ ഫെഡറൽ റിസർവിന്റെ പുതിയ നയസൂചനകളാണ് വിപണിയെ സ്വാധീനിച്ചത്. പലിശനിരക്കുകൾ നിലവിൽ മാറ്റമില്ലാതെ തുടരാൻ തീരുമാനിച്ചെങ്കിലും ഈ വർഷം നിരക്ക് ഉയരാനുള്ള സാധ്യത ഫെഡ് വ്യക്തമാക്കിയിട്ടുണ്ട്. ഫെഡ് ചെയർമാൻ കെവിൻ വാർഷിന്റെ ആദ്യ നയയോഗത്തിന് ശേഷമുള്ള വിലയിരുത്തലുകളാണ് സ്വർണവിലയെ പ്രതികൂലമായി ബാധിച്ചത്.
ഫെഡിന്റെ ബോർഡ് അംഗങ്ങളിൽ ഭൂരിഭാഗവും ഈ വർഷം പലിശനിരക്ക് വർധിപ്പിക്കാനുള്ള സാധ്യത കാണുന്നുണ്ട്. ഇതോടെ യു.എസ്. ഡോളറും ട്രഷറി യീൽഡും ശക്തിപ്രാപിച്ചു. ഡോളർ കരുത്താർജ്ജിച്ചതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിനുള്ള ആവശ്യം കുറഞ്ഞതാണ് വില ഇടിയാൻ കാരണമായത്.
രാജ്യാന്തര വിപണിയിൽ സ്വർണവില ഒരു ഘട്ടത്തിൽ ഔൺസിന് 4,299 ഡോളറിലേക്ക് താഴ്ന്നിരുന്നു. പിന്നീട് ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവിനെ തുടർന്ന് ചെറിയ തിരിച്ചുവരവ് ഉണ്ടായെങ്കിലും നിലവിൽ ഔൺസിന് 4,244.90 ഡോളർ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇതിന്റെ പ്രതിഫലനമാണ് ആഭ്യന്തര വിപണിയിലും കാണുന്നത്.










