
കൊച്ചി: കഴിഞ്ഞ ദിവസത്തെ റെക്കോർഡ് കുതിപ്പിന് പിന്നാലെ സ്വർണവില ഇന്ന് കുത്തനെ ഇടിഞ്ഞു. ആഭ്യന്തര വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 5,240 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,25,120 രൂപയായി. ഗ്രാമിന് 655 രൂപയുടെ ഇടിവോടെ വില 15,640 രൂപയിലെത്തി. വ്യാഴാഴ്ച ഒരു പവൻ സ്വർണത്തിന് 1,30,360 രൂപയായിരുന്നു.
രാജ്യാന്തര വിപണിയിലും വിലക്കുറവ് ശക്തമായിരുന്നു. സ്‌പോട്ട് ഗോൾഡ് വിലയിൽ 5.7 ശതമാനം ഇടിവുണ്ടായതോടെ ട്രോയ് ഔൺസിന് വില 5,400 ഡോളർ നിലവാരത്തിലെത്തി. സമീപകാലത്ത് രേഖപ്പെടുത്തിയ റെക്കോർഡ് ഉയരമായ 5,594.82 ഡോളറിൽ നിന്നാണ് സ്വർണം തിരിച്ചിറങ്ങിയത്. വെള്ളിയിലും വിലക്കുറവ് രേഖപ്പെടുത്തി. രാജ്യാന്തര വിപണിയിൽ രണ്ട് ശതമാനം ഇടിവുണ്ടായതോടെ വില 121 ഡോളറിൽ നിന്ന് 115 ഡോളറിലേക്കാണ് താഴ്ന്നത്.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 24 കാരറ്റ് സ്വർണത്തിന്റെ പത്ത് ഗ്രാം വില 1,83,962 രൂപയായി. മുൻവ്യാപാരദിവസം ഇത് 1,93,096 രൂപയായിരുന്നു. വെള്ളിയുടെ വിലയും എംസിഎക്‌സിൽ ഇടിഞ്ഞു; കിലോഗ്രാമിന് 4,20,048 രൂപയിൽ നിന്ന് 3,83,898 രൂപയായി.
ആഗോളതലത്തിൽ സാമ്പത്തികവും ഭൗമരാഷ്ട്രീയവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ തുടരുന്നതിനാൽ, വരും ദിവസങ്ങളിലും സ്വർണം–വെള്ളി വിപണികളിൽ ശക്തമായ ചാഞ്ചാട്ടം തുടരാനിടയുണ്ടെന്ന് വിപണി നിരീക്ഷകർ വിലയിരുത്തുന്നു.










