11:40pm 11 November 2026
NEWS
സ്വർണവിലയിൽ കനത്ത ഇടിവ്; കേരളത്തിൽ പവന് 3,160 രൂപ കുറഞ്ഞു
10/06/2026  11:20 AM IST
nila
സ്വർണവിലയിൽ കനത്ത ഇടിവ്; കേരളത്തിൽ പവന് 3,160 രൂപ കുറഞ്ഞു

 

കൊച്ചി: കേരളത്തിലും ആഗോള വിപണിയിലും സ്വർണവില ഇന്ന് കുത്തനെ ഇടിഞ്ഞു. സമീപകാലത്തെ ഏറ്റവും വലിയ വിലത്തകർച്ചകളിലൊന്നായി കണക്കാക്കപ്പെടുന്ന ഈ ഇടിവിൽ, സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന് 395 രൂപയും പവന് 3,160 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാമിന് 13,645 രൂപയും പവന് 1,09,160 രൂപയുമായി വില താഴ്ന്നു.

അന്താരാഷ്ട്ര വിപണിയിലും സ്വർണത്തിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ ആറുമാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് സ്വർണവില പതിച്ച് ഔൺസിന് 4,180 ഡോളറിലെത്തി. 150 ഡോളറിലധികമാണ് ഒരു ദിവസംകൊണ്ട് കുറഞ്ഞത്.

പശ്ചിമേഷ്യയിൽ വീണ്ടും ശക്തമായ സംഘർഷാവസ്ഥ രൂപപ്പെട്ടതും ക്രൂഡ് ഓയിൽ വില ഉയർന്നതും യുഎസ് ഡോളറും ബോണ്ട് യീൽഡും ശക്തിപ്രാപിച്ചതുമാണ് സ്വർണവില ഇടിയാൻ പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്.

ഇതിനിടെ, യുഎസിന്റെ പുതിയ പണപ്പെരുപ്പ കണക്കുകൾ പുറത്തുവരാനിരിക്കുകയാണ്. പണപ്പെരുപ്പം ഉയരുമെന്ന പ്രതീക്ഷകൾ വിപണിയിൽ ശക്തമാണ്. അങ്ങനെ സംഭവിച്ചാൽ യുഎസ് ഫെഡറൽ റിസർവ് പലിശനിരക്കുകൾ വീണ്ടും ഉയർത്താൻ സാധ്യതയുണ്ടെന്നും ഇത് സ്വർണവിലയ്ക്ക് കൂടുതൽ സമ്മർദമുണ്ടാക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 4,000 ഡോളറിന് താഴെയെത്തിയാൽ കേരളത്തിൽ പവൻവില ഒരു ലക്ഷം രൂപയോട് അടുത്തേക്കോ അതിൽ താഴെയോ പോകാനിടയുണ്ടെന്നും വിലയിരുത്തലുണ്ട്.

അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷം ശമിക്കുകയും എണ്ണവില താഴുകയും ഡോളറിന്റെ ശക്തി കുറയുകയും ചെയ്താൽ സ്വർണവില വീണ്ടും ഉയരാൻ സാധ്യതയുണ്ട്. വില ഇടിയുമ്പോൾ നിക്ഷേപകരും ആഭരണവാങ്ങുന്നവരും കൂടുതൽ വാങ്ങൽ നടത്തുന്നതും വില തിരിച്ചുകയറാൻ കാരണമായേക്കും.

സംസ്ഥാനത്തെ വിവിധ വ്യാപാരസംഘടനകൾ ഇന്ന് സ്വർണവിലയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ 18 കാരറ്റ് സ്വർണവില ഗ്രാമിന് 330 രൂപ കുറച്ച് 11,270 രൂപയായി നിശ്ചയിച്ചു. വെള്ളിവില ഗ്രാമിന് 10 രൂപ കുറഞ്ഞ് 250 രൂപയായി.

കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11,215 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. 14 കാരറ്റ് സ്വർണവില 250 രൂപ കുറഞ്ഞ് 8,735 രൂപയായപ്പോൾ, 9 കാരറ്റ് സ്വർണത്തിന് 165 രൂപയുടെ ഇടിവോടെ ഗ്രാമിന് 5,630 രൂപയായി. വെള്ളിവില ഗ്രാമിന് 250 രൂപയായി തുടരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img