06:29pm 18 April 2026
NEWS
ശബരിമലയിലെ സ്വർണ്ണം: കണക്കും രേഖകളുമില്ല, സൂക്ഷിക്കുന്നത് ചാക്കിൽക്കെട്ടി
30/09/2025  08:32 AM IST
സുരേഷ് വണ്ടന്നൂർ
ശബരിമലയിലെ സ്വർണ്ണം: കണക്കും രേഖകളുമില്ല, സൂക്ഷിക്കുന്നത് ചാക്കിൽക്കെട്ടി

​കൊച്ചി: ശബരിമലയിൽ ഭക്തർ സമർപ്പിക്കുന്ന സ്വർണ്ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കണക്കോ രേഖകളോ ഇല്ലാതെ ചാക്കിൽക്കെട്ടി സൂക്ഷിക്കുന്നതായി കണ്ടെത്തൽ. ഗുരുതരമായ ഈ വീഴ്ചയെ തുടർന്ന് ഹൈക്കോടതി കർശന നിലപാട് സ്വീകരിച്ചു. സ്വർണ്ണം ഉൾപ്പെടെയുള്ള എല്ലാ വസ്തുക്കളുടെയും കണക്കെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഈ നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.ടി. ശങ്കരനെ ചുമതലപ്പെടുത്തി.

​കണക്കെടുപ്പിന് ഹൈക്കോടതി ഉത്തരവ്

​ഭക്തർ സമപ്പിക്കുന്ന സ്വർണ്ണാഭരണങ്ങളും മറ്റ് വസ്തുക്കളും എത്രയാണെന്ന് ഒരു രജിസ്റ്ററിലും രേഖപ്പെടുത്തിയിട്ടില്ല. ഈ വിഷയത്തിൽ ദേവസ്വം ബോർഡിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി ഹൈക്കോടതി വിമർശിച്ചു. ആഭരണ വിദഗ്ദ്ധരുടെ സഹായത്തോടെ കണക്കെടുപ്പ് നടത്തണമെന്നും എത്രയും വേഗം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
​ഈ കണക്കെടുപ്പ് വൈകിയതിലുള്ള അതൃപ്തിയും കോടതി പ്രകടിപ്പിച്ചു. ഇത് ദേവസ്വം സംവിധാനത്തിന്റെ പരാജയമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കൊടിമരത്തിലെ ദ്വാരപാലക ശില്പങ്ങളും പീഠങ്ങളും മുൻകൂർ അനുമതിയില്ലാതെ ചെന്നൈയിലേക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.

​ഗുരുതരമായ ക്രമക്കേടുകൾ

​സ്ട്രോങ് റൂമിലെ ചാക്കുകൾ: ദേവസ്വം വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സ്വർണ്ണാഭരണങ്ങളും നാണയങ്ങളും ലോക്കറുകളിലും ചാക്കുകളിൽക്കെട്ടിയും സ്ട്രോങ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. എന്നാൽ, ഈ വിവരങ്ങൾ ഒന്നും രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ല.
​രേഖകളില്ലാത്ത സ്വർണ്ണം: 1999-ൽ ശ്രീകോവിൽ മോടിപിടിപ്പിക്കാൻ ഉപയോഗിച്ച സ്വർണ്ണത്തിന്റെ അളവും രേഖകളിൽ ഇല്ല. മേസ്തിരിമാർ പറയുന്നത് 30 കിലോയിലധികം സ്വർണ്ണം ഇതിനായി ഉപയോഗിച്ചിട്ടുണ്ടെന്നാണ്
​കാണാതായ ശില്പങ്ങൾ: സ്വർണ്ണപ്പാളി കേസിൽ പരാമർശിച്ച പഴയ ദ്വാരപാലക ശില്പങ്ങളും പീഠങ്ങളും സ്ട്രോങ് റൂമുകളിൽ കണ്ടെത്താനായില്ല. ഇവ സ്പോൺസറുടെ സഹോദരിയുടെ വീട്ടിൽ കണ്ടുവെന്നത് വിഷയത്തെ ദേവസ്വം ഉദ്യോഗസ്ഥർ എത്ര ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്നതിന് തെളിവാണെന്ന് കോടതി പറഞ്ഞു.

​നടപടിക്രമങ്ങളിലെ വീഴ്ചകൾ

​ഭക്തർ സമർപ്പിക്കുന്ന രത്നങ്ങളും വജ്രക്കല്ലുകളും പതിച്ച കിരീടങ്ങളും, സ്വർണ്ണം, വെള്ളി ദണ്ഡുകളും ഉൾപ്പെടെയുള്ള വസ്തുക്കൾ ഏഴ് ദിവസത്തിനകം മൂല്യം കണക്കാക്കി ഇൻഷ്വർ ചെയ്ത് സ്ട്രോങ് റൂമുകളിലേക്ക് മാറ്റണമെന്നാണ് ചട്ടം. മരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയർ, വിജിലൻസ് ഉദ്യോഗസ്ഥർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കണം ഈ മൂല്യനിർണ്ണയം നടത്തേണ്ടത്. ദേവസ്വം ബോർഡിന് 16 ഇടങ്ങളിലായി സ്ട്രോങ് റൂമുകളുണ്ട്. എന്നാൽ ഈ ചട്ടങ്ങളെല്ലാം ലംഘിച്ചുകൊണ്ടാണ് നിലവിൽ കാര്യങ്ങൾ നടന്നിട്ടുള്ളത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img