03:35pm 29 April 2026
NEWS

തീപിടിച്ച വില; രാജ്യത്ത് സ്വർണ ഉപഭോഗം കുത്തനെ ഇടിയുന്നു

21/12/2025  12:24 PM IST
nila
 തീപിടിച്ച വില; രാജ്യത്ത് സ്വർണ ഉപഭോഗം കുത്തനെ ഇടിയുന്നു

രാജ്യത്തെ സ്വർണ വിപണിയിൽ ഈ വർഷം ആശങ്കാജനകമായ മാറ്റങ്ങളാണ് രേഖപ്പെടുത്തുന്നത്. സ്വർണവില ചരിത്രത്തിലെ ഉയർന്ന നിലയിലേക്ക് കുതിച്ചുകയറിയതോടെ ഉപഭോഗത്തിൽ വൻ ഇടിവുണ്ടാകുമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ത്യ മുന്നറിയിപ്പ് നൽകുന്നു. സംഘടനയുടെ കണക്കുകൂട്ടൽ പ്രകാരം 2025-ൽ ഇന്ത്യയിലെ സ്വർണ ഉപഭോഗം 650 മുതൽ 700 ടൺ വരെയായി ചുരുങ്ങും. മുൻവർഷം രേഖപ്പെടുത്തിയ 802.8 ടണ്ണുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഏകദേശം 12 ശതമാനം കുറവാണ്.

വില വർധനയാണ് സ്വർണത്തിന്റെ ആവശ്യകത കുറയാനുള്ള പ്രധാന കാരണം. ഈ വർഷം തുടക്കവുമായി താരതമ്യപ്പെടുത്തുമ്പോൾ സ്വർണവിലയിൽ ഏകദേശം 65 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്. നിലവിലെ ട്രെൻഡ് തുടർന്നാൽ ഈ മാസം തന്നെ ഒരു പവൻ സ്വർണത്തിന്റെ വില ഒരു ലക്ഷം രൂപ കടക്കുമെന്ന സൂചനകളും ശക്തമാണ്.

ക്രൂഡ്ഓയിലിന് പിന്നാലെ ഇന്ത്യ ഏറ്റവും കൂടുതൽ വിദേശ നാണ്യം ചെലവഴിക്കുന്ന ഇറക്കുമതി ഉൽപ്പന്നമാണ് സ്വർണം. അതിനാൽ സ്വർണ ഇറക്കുമതി ഉയരുന്നത് രാജ്യത്തിന്റെ വ്യാപാര കമ്മിയിലും നേരിട്ട് പ്രതിഫലിക്കുന്നു. വിലക്കയറ്റം ഉപഭോഗത്തെ ചുരുക്കുന്നുവെന്നത് സർക്കാരിനും ആശ്വാസകരമായൊരു വശമായേക്കാം.

ആഭരണ വിപണിക്ക് തിരിച്ചടി, നിക്ഷേപത്തിന് മേൽക്കൈ

ആഭരണ വിഭാഗത്തിൽ ആവശ്യകത കുറഞ്ഞുവെങ്കിലും നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ ആകർഷണം വർധിച്ചിരിക്കുകയാണ്. വിവാഹ സീസണുകൾ ഒഴികെ ആഭരണങ്ങളുടെ വില്പനയിൽ സ്ഥിരമായ ഇടിവാണ് കഴിഞ്ഞ കുറേ വർഷങ്ങളായി തുടരുന്നത്. ഉയർന്ന വിലയും, വാങ്ങിയ ആഭരണങ്ങൾ വീണ്ടും വിറ്റാൽ പ്രതീക്ഷിക്കുന്ന മൂല്യം ലഭിക്കാത്തതുമാണ് ഉപഭോക്താക്കളെ പിന്തിരിപ്പിക്കുന്നത്.

വേൾഡ് ഗോൾഡ് കൗൺസിൽ ഡേറ്റ പ്രകാരം, ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെ ഇന്ത്യയിലെ ആകെ സ്വർണ ഉപഭോഗം 462.4 ടണ്ണാണ്. വരും മാസങ്ങളിൽ ആഭരണ വിൽപ്പനയിൽ കൂടുതൽ കുറവുണ്ടാകാമെന്ന വിലയിരുത്തലാണ് റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്നത്.

അതേസമയം, വില ഉയരുന്ന സാഹചര്യത്തിൽ തന്നെ ഉയർന്ന വരുമാനക്കാരിൽ 100 മുതൽ 400 ഗ്രാം വരെ ഭാരമുള്ള സ്വർണക്കട്ടികളുടെ വിൽപ്പന വർധിച്ചിട്ടുണ്ട്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം ഇപ്പോഴും വലിയ വിഭാഗം ആളുകൾക്ക് പ്രിയപ്പെട്ടതാണെന്നതിന്റെ സൂചനയാണിത്.

22 കാരറ്റിനോടുള്ള ഇഷ്ടം തുടരും

വിലക്കയറ്റം ഉണ്ടായിട്ടും ഇന്ത്യൻ ഉപഭോക്താക്കൾക്ക് 22 കാരറ്റ് സ്വർണത്തോടുള്ള ഇഷ്ടം ഇപ്പോഴും നിലനിൽക്കുന്നുവെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ത്യ സിഇഒ സച്ചിൻ ജയിൻ പറയുന്നു. എന്നാൽ ദീർഘകാലത്ത് വില കുറഞ്ഞ 18 കാരറ്റ്, 14 കാരറ്റ് ആഭരണങ്ങളിലേക്കുള്ള മാറ്റം ഉണ്ടാകാനിടയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ചെറുകിട ജുവലറികൾക്ക് കടുത്ത സമ്മർദം

വലിയ ജുവലറി ശൃംഖലകൾ വിലക്കയറ്റത്തെ ഒരു പരിധിവരെ ചെറുത്തുനിൽക്കുമ്പോൾ, താഴെത്തട്ടിലുള്ള ഇടത്തരം, ചെറുകിട ജുവലറികൾ കടുത്ത സമ്മർദം നേരിടുകയാണ്. കുറഞ്ഞ ഡിമാൻഡും ഉയർന്ന സ്റ്റോക്ക് ചെലവും ഇവരുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്നതായാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.

മൊത്തത്തിൽ, സ്വർണത്തിന്റെ തിളക്കം നിലനിൽക്കുമ്പോഴും, അതിന്റെ ഉയർന്ന വില ഇന്ത്യൻ വിപണിയിൽ ഉപഭോഗത്തിന്റെ സ്വഭാവം തന്നെ മാറ്റിമറിക്കുന്ന ഒരു ഘട്ടത്തിലേക്കാണ് രാജ്യം നീങ്ങുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img