
വിവാദ ആൾദെെവം നിത്യാനന്ദ മരിച്ചെന്ന അഭ്യൂഹം നിഷേധിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലസ. നിത്യാനന്ദ സ്ഥാപിച്ചു എന്നവകാശപ്പെടുന്ന രാജ്യമാണ് കൈലസ. നിത്യാനന്ദ മരിച്ചെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കൈലാസ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. നിത്യാനന്ദ പൂർണ ആരോഗ്യവാനാണെന്നും സുരക്ഷിതനാണെന്നും പ്രസ്താവനയിൽ പറയുന്നു.
ഇത് തെളിയിക്കുന്നതിനായി നിത്യാനന്ദ ഇന്ന് ഓൺലൈനിൽ ലൈവ് സംവാദത്തിനെത്തുമെന്നും പ്രസ്താവനയിൽ പറയുന്നു. നിത്യാനന്ദ പങ്കെടുക്കുന്ന പരിപാടിയുടെ ലൈവ് സ്ട്രീമിംഗ് ലിങ്കും 'ശ്രീനിത്യാനന്ദ' എന്ന ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്.
'നിത്യാനന്ദയെക്കുറിച്ച് പ്രചരിക്കുന്ന അപ്രതീക്ഷിത വാർത്തകളിൽ സത്യം തേടുകയാണ് ലോകം. എല്ലാവരും കാത്തിരുന്ന നിമിഷം എത്തിയിരിക്കുകയാണ്. ഏപ്രിൽ രണ്ട് വൈകിട്ട് ഏഴുമണിക്ക് (ന്യൂയോർക്ക് സമയം) ദശലക്ഷക്കണക്കിനുപേരുമായി നിത്യാനന്ദ നേരിട്ട് സംവദിക്കും. ലോകത്തെ ഹിന്ദു പ്രവാസികളും സത്യം അന്വേഷിക്കുന്നവരും തീർച്ചയായും കാണണം'- എന്നാണ് പ്രസ്താവനയിൽ പറയുന്നത്.
നിത്യാനന്ദയുടെ സഹോദരിയുടെ മകനും അനുയായിയുമായ സുന്ദരേശ്വരൻ ആണ് നിത്യാനന്ദ ജീവത്യാഗം ചെയ്തെന്ന് വെളിപ്പെടുത്തിയത്. നിത്യാനന്ദയുടെ അനുയായികളുമായി നടത്തിയ വീഡിയോ കോൺഫറൻസിലായിരുന്നു സുന്ദരേശ്വരൻ ഇക്കാര്യം പറഞ്ഞത്.











