
തിരുവനന്തപുരം: രാഷ്ട്രീയ വിവാദത്തിന് വഴിവെച്ച ജി.എൻ.എ വൈദ്യുതി കരാറിനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചു. നവംബർ, ഡിസംബർ മാസങ്ങളിലെ വൈദ്യുതി ആവശ്യകത നിലവിലുള്ള സംവിധാനങ്ങളിലൂടെ നിറവേറ്റാനാകുമെന്ന ഊർജ്ജ വകുപ്പിന്റെയും കെ.എസ്.ഇ.ബിയുടെയും വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം.
ജി.എൻ.എയിൽനിന്നോ ഹിമാചൽ പ്രദേശിൽനിന്നോ ഈ മാസങ്ങളിൽ വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ലെന്ന് ഊർജ്ജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത്കുമാറും കെ.എസ്.ഇ.ബി പുതിയ സി.എം.ഡി എൻ. പ്രശാന്തും മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിച്ച് അറിയിച്ചു. ആവശ്യാനുസരണം പവർ എക്സ്ചേഞ്ച് ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെ വൈദ്യുതി ലഭ്യമാക്കാനാകുമെന്നും നിലവിലെ ഉപഭോഗം പവർകട്ടില്ലാതെ നേരിടാൻ കഴിയുമെന്നും ഇരുവരും വിശദീകരിച്ചു.
അതേസമയം, ഒക്ടോബറിന് ശേഷവും വിലകൂടിയ ഹിമാചൽ വൈദ്യുതി വാങ്ങണമെന്ന് മുൻ സി.എം.ഡി രാജമാണിക്യം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനം പരിശോധിക്കാൻ മുഖ്യമന്ത്രി ഊർജ്ജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. വൈദ്യുതി ക്ഷാമമുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് ജി.എൻ.എ കരാറിനായി ശ്രമിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ജി.എൻ.എ വൈദ്യുതിയുടെ വില കുറവാണെന്ന മുഖ്യമന്ത്രിയുടെ നിലപാടും വില കൂടുതലാണെന്ന രാജമാണിക്യത്തിന്റെ നിലപാടും പുറത്തുവന്നതോടെയാണ് കരാർ നീക്കം രാഷ്ട്രീയ വിവാദമായത്.
സിന്നാറിൽനിന്ന് 540 മെഗാവാട്ട്; ദീർഘകാല കരാറിന് നിർദ്ദേശം
മഹാജെൻകോ–എൻ.ടി.പി.സി കമ്പനികളുടെ മഹാരാഷ്ട്രയിലെ സിന്നാർ താപവൈദ്യുതി നിലയത്തിൽനിന്ന് വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ദീർഘകാല കരാർ ഉടൻ ഒപ്പിടാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. യൂണിറ്റിന് 5.18 രൂപ നിരക്കിൽ 25 വർഷത്തേക്കാണ് കരാർ.
ഡിസംബർ അവസാനം ആദ്യ പ്ലാന്റ് സജ്ജമാകുന്നതോടെ 270 മെഗാവാട്ടും മാർച്ച് മുതൽ അടുത്ത 270 മെഗാവാട്ടും ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ ആകെ 540 മെഗാവാട്ട് വൈദ്യുതി ലഭ്യമാകും. കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നും നടപടികൾ അനാവശ്യമായി നീട്ടുന്നുവെന്ന ആക്ഷേപത്തിൽ കഴമ്പില്ലെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി.
ഉപഭോഗം കുറഞ്ഞു; അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു
വൈദ്യുതി ഉപഭോഗത്തിലെ കുറവും അണക്കെട്ടുകളിലെ ജലനിരപ്പിലെ വർധനയും നിലവിലെ സാഹചര്യം നേരിടാൻ സഹായകമായി. കഴിഞ്ഞ ദിവസത്തെ പീക്ക് സമയ ആവശ്യകത 4,433 മെഗാവാട്ടായിരുന്നു. ഒക്ടോബറിലെ സമാന ദിവസത്തിൽ ഇത് 4,640 മെഗാവാട്ടും ആ മാസത്തെ പരമാവധി ആവശ്യകത 5,303 മെഗാവാട്ടുമായിരുന്നു.
പ്രതിദിന വൈദ്യുതി ഉപഭോഗം കഴിഞ്ഞ മാസത്തെ സമാന ദിവസത്തിലെ 93.6629 ദശലക്ഷം യൂണിറ്റിൽനിന്ന് 83.1533 ദശലക്ഷം യൂണിറ്റായി കുറഞ്ഞു. അണക്കെട്ടുകളിലെ ജലനിരപ്പ് ഒക്ടോബറിലെ 61 ശതമാനത്തിൽനിന്ന് നവംബറിൽ 66 ശതമാനമായി ഉയർന്നതും ആശ്വാസമായി.










