സുഗന്ധവ്യഞ്ജന കയറ്റുമതിക്ക് പുതിയ വഴികൾ തേടി അന്താരാഷ്ട്ര സമ്മേളനം

കൊച്ചി: ഓൾ ഇന്ത്യ സ്പൈസസ് എക്സ്പോർട്ടേഴ്സ് ഫോറം (എ.ഐ. എസ്.ഇ.എഫ്) സംഘടിപ്പിക്കുന്ന ഒൻപതാമത് അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനം (ഐ.എസ്.സി. 2026) ഫെബ്രുവരി 23 മുതൽ 26 വരെ കൊച്ചി ലേ മെറിഡിയൻ കൺവെൻഷൻ സെൻ്ററിൽ നടക്കും.
ലോകത്തിലെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന ഉൽപാദക - കയറ്റുമതി രാജ്യമായ ഇന്ത്യയുടെ
പ്രധാന അന്താരാഷ്ട്ര വിപണികളിലെ തീരുവ വ്യവസ്ഥകൾ, അവശിഷ്ടപരിധി മാനദണ്ഡങ്ങൾ, വിതരണ ശൃംഖല, നിയന്ത്രണ സംവിധാനങ്ങൾ എന്നിവയിലുണ്ടായ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ സുഗന്ധവ്യഞ്ജന വ്യവസായം സ്വീകരിക്കേണ്ട പ്രായോഗിക നടപടികൾ രൂപപ്പെടുത്തുന്ന സമ്മേളനമാണിത്.
ഫെബ്രുവരി 23ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം മുൻ ജി-20 പ്രതിനിധിയും നീതി ആയോഗിന്റെ മുൻ മേധാവിയുമായ അമിതാഭ് കാന്ത് ഉദ്ഘാടനം ചെയ്യും. കാർഷിക വ്യവസായത്തിലെ നവീകരണം, ഉൾക്കൊള്ളൽ, ആഗോള നേതൃത്വം എന്നീ വിഷയങ്ങളിൽ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തും.
പ്രകൃതിദത്ത ഭക്ഷണ നിറങ്ങളുടെ ആഗോള ഉത്പാദകരായ ഒറ്റെറയുടെ മേധാവി മാർട്ടിൻ സോൺടാഗ് മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കും.
സ്പൈസസ് ബോർഡ് ചെയർപേഴ്സൺ സംഗീത വിശ്വനാഥൻ, സെക്രട്ടറി പി. ഹേമലത എന്നിവരും സമ്മേളനത്തെ അഭിസംബോധന ചെയ്യും. യൂറോപ്യൻ സ്പൈസ് അസോസിയേഷനുമായി ധാരണാപത്രം ഒപ്പിടുന്നതും ചടങ്ങിന്റെ ഭാഗമായി നടക്കും.
പോയ വർഷം പുതുക്കിയ തീരുവ ഘടനകളും, പരസ്പര വ്യാപാര നടപടികളും, ചില രാജ്യങ്ങളിലെ താൽക്കാലിക തീരുവ വർധനയും വില, മത്സരക്ഷമത എന്നിവയെ ബാധിക്കുകയും ഓർഡറുകൾ നീളുകയും ഉൽപ്പന്നങ്ങൾ സംഭരണാവസ്ഥയിൽ തുടരുന്നതിനും കാരണമായിരുന്നു. പിന്നിട് നയമാറ്റങ്ങൾ സമ്മർദ്ദം കുറച്ചെങ്കിലും കർശനമായ എം.ആർ.എൽ (അവശിഷ്ടപരിധി), ഉറവിട മാനദണ്ഡങ്ങൾ, കീടനാശിനി പരിശോധന, സുസ്ഥിരത ഉറപ്പാക്കൽ തുടങ്ങിയ കടമ്പകൾ ഇന്നും ശക്തമാണ്.
കാർഷിക കയറ്റുമതിയുടെ അസുരക്ഷിതാവസ്ഥ വ്യക്തമാക്കുന്നതാണ് പെട്ടെന്നുള്ള തീരുവ മാറ്റങ്ങെളെന്ന് എ.ഐ. എസ്.ഇ.എഫ് ചെയർമാൻ ഇമ്മാനുവൽ നമ്പുശ്ശേരിൽ പറഞ്ഞു.
വ്യത്യസ്തമായ പുതിയ വിപണികൾ, മൂല്യവർധിത ഉൽപ്പന്നങ്ങൾ, കർശനമായ ശാസ്ത്രീയ പരിശോധനകൾക്കും, നിയന്ത്രണങ്ങൾക്കും സുസജ്ജമാവുക എന്നിവ ഇനി കയറ്റുമതി വളർച്ചയുടെ അടിസ്ഥാന ഘടകങ്ങളായി കാണണം, അദ്ദേഹം പറഞ്ഞു.
ആസിയാൻ, പശ്ചിമേഷ്യ, ആഫ്രിക്ക, യൂറോപ്പ് തുടങ്ങിയ വിപണികളുമായി ബന്ധം ശക്തിപ്പെടുത്തി ഒരേ വിപണിയിലുള്ള ആശ്രിതാവസ്ഥ കുറയ്ക്കാനുള്ള ശ്രമം തുടരുകയാണെന്ന് എ.ഐ. എസ്.ഇ.എഫ് ചെയർമാനും ഐ എസ് സി ചെയറുമായ നിഷേഷ് ഷാ പറഞ്ഞു,
സംസ്കരണ സാങ്കേതിക വിദ്യ, ഗുണനിലവാര സംവിധാനങ്ങൾ, കർഷകരുമായി നേരിട്ടുള്ള ബന്ധം എന്നീ മേഖലകളിൽ ശ്രദ്ധയും, നിക്ഷേപവും വർധിപ്പിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിന്റെ രണ്ടാം ദിവസം ഇന്ത്യയുടെ ആഗോള വ്യാപാര നിലപാടുകളെ കുറിച്ച് ശശി തരൂർ സംസാരിക്കും. പ്രാചീന സുഗന്ധവ്യഞ്ജന വ്യാപാര പാതകളെ ആധുനിക ആഗോള സ്പൈസസ് ഇടനാഴികളുമായി ബന്ധപ്പെടുത്തി ചരിത്രകാരൻ മനു എസ്. പിള്ള ശ്രദ്ധേയമായ ചർച്ച നയിക്കും.
ഫെബ്രുവരി 25ന് ഓളം ഫുഡ് ഇൻഗ്രിഡിയൻസിൻ്റെ ഗുണനിലവാര മേധാവി കാമേഷ് എല്ലജോസ്യുല സ്പൈസസ് വിപണിയിൽ നവീകരണം വഴി നേടുന്ന അതിജീവന ശേഷിയെക്കുറിച്ച് സംസാരിക്കും.
അമേരിക്കൻ സ്പൈസ് ട്രേഡ് അസോസിയേഷൻ, വിയറ്റ്നാം പെപ്പർ ആൻഡ് സ്പൈസ് അസോസിയേഷൻ, വേൾഡ് സ്പൈസ് ഓർഗനൈസേഷൻ എന്നിവയുടെ പ്രതിനിധികൾ നിയന്ത്രണ മാനദണ്ഡ ഏകീകരണം സംബന്ധിച്ച ചർച്ചകൾ നയിക്കും.
കാലാവസ്ഥാ അപകടസാധ്യതകൾ, കൃത്രിമ ബുദ്ധി അധിഷ്ഠിത ഗുണനിലവാര നിരീക്ഷണം, ഉറവിടം, സുസ്ഥിരത, എന്നിവയും ചർച്ചയാകും. മഞ്ഞൾ, ഇഞ്ചി, ജീരകം, മുളക്, കുരുമുളക് ഉൾപ്പെടെയുള്ള പ്രധാന വിളകളുടെ ഉൽപ്പാദന–വിപണി അവലോകനവും അവതരിപ്പിക്കും.
കർണാടക കാർഷിക വിലനിർണ്ണയ കമ്മീഷൻ ചെയർമാൻ അശോക് ദൽവായ് വിതരണ ശൃംഖലയുടെ ദീർഘകാലടിസ്ഥാനത്തിലുള്ള ശക്തീകരണത്തെക്കുറിച്ച് മുഖ്യപ്രഭാഷണത്തോടെ സമ്മേളനം സമാപിക്കും.
ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള കയറ്റുമതിക്കാർ, സംസ്കരണ സ്ഥാപനങ്ങൾ, അന്താരാഷ്ട്ര വിപണിയിലെ പ്രമുഖർ, നിയന്ത്രണ സംവിധാനങ്ങളിലെ ഔദ്യോഗിക പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
എഐഎസ്ഇഎഫ് ചെയർമാൻ ഇമ്മാനുവൽ നമ്പുശ്ശേരിൽ; എഐഎസ്ഇഎഫ് വൈസ് ചെയർമാനും ഐഎസ് സി 2026 ചെയർമാനുമായ നിഷേഷ് ഷാ; ഡബ്ല്യുഎസ്ഒ ചെയർമാൻ രാംകുമാർ മേനോൻ, എഐഎസ്ഇഎഫ് മുൻ ചെയർമാനും; ഐഎസ് സി മാർക്കറ്റിംഗ് ഹെഡുമായ ജീമോൻ
കോര എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.








