08:09pm 12 November 2026
NEWS
വ്യവസായ സാധ്യതകൾ പരിചയപ്പെടുത്തി ആഗോള കടൽപായൽ എക്‌സ്‌പോ

30/01/2026  07:16 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വ്യവസായ സാധ്യതകൾ പരിചയപ്പെടുത്തി ആഗോള കടൽപായൽ എക്‌സ്‌പോ

കൊച്ചി: ഭക്ഷണ പദാർത്ഥങ്ങൾ മുതൽ സൗന്ദര്യവർദ്ധക വസ്തുക്കളും ജീവൻരക്ഷാ മരുന്നുകളും വരെ കടൽപായലുകളുടെ വിപുലമായ സാധ്യതകൾ പരിചയപ്പെടുത്തി ഏഴാമത് ഇന്ത്യ ഇന്റർനാഷണൽ കടൽപായൽ ഉച്ചകോടിയും പ്രദർശനവും കൊച്ചിയിൽ സമാപിച്ചു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമായ സിഎംഎംഫ്ആർഐയിലാണ് എക്‌സ്‌പോയും ഉച്ചകോടിയും നടന്നത്.   സുസ്ഥിരമായ നീല സമ്പദ്വ്യവസ്ഥയിൽ കടൽപായലുകൾക്കുള്ള നിർണ്ണായക പങ്ക് വ്യക്തമാക്കുന്നതായിരുന്നു പ്രദർശനം. 

ഭക്ഷ്യ-വ്യവസായ മേഖലകളിൽ കടൽപായലിന്റെ സ്വാധീനം വ്യക്തമാക്കുന്ന നിരവധി സ്റ്റാളുകളാണ് എക്സ്പോയിൽ ഒരുക്കിയത്. കടൽപായലിൽ നിന്ന് നിർമ്മിച്ച റെഡി-ടു-ഈറ്റ് വിഭവങ്ങൾ, ന്യൂട്രീഷ്യൻ പൗഡറുകൾ, പക്കവട, ജാം, സോസ്, കുക്കീസ് എന്നിവ ശ്രദ്ധയാകർഷിച്ചു. ഐസ്‌ക്രീമുകളിലും പുഡ്ഡിംഗുകളിലും ഉപയോഗിക്കുന്ന കാരജീനൻ , ജെല്ലികൾ എന്നിവയ്ക്കും വലിയ സ്വീകാര്യത ലഭിച്ചു.

കടൽപായലുകളിൽ നിന്ന് വികസിപ്പിച്ചെടുത്ത ഔഷധങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ജൈവവളങ്ങൾ, ബയോപ്ലാസ്റ്റിക് എന്നിവയും പ്രദർശിപ്പിച്ചു.   കടൽപായൽ സോപ്പുകൾ, കൈകൊണ്ട് നിർമ്മിച്ച കടൽപായൽ പേപ്പർ, എയർ ഫ്രഷ്‌നറുകൾ എന്നിവ സ്റ്റാർട്ടപ്പുകളുടെ നവീനത തെളിയിക്കുന്നവയായിരുന്നു.

സി.എം.എഫ്.ആർ.ഐയുടെ സാങ്കേതിക മികവ്കടൽപായൽ കൃഷിയിലെ നൂതന രീതികളായ ഇന്റഗ്രേറ്റഡ് മൾട്ടി-ട്രോഫിക് അക്വാകൾച്ചർ, ട്യൂബ്-നെറ്റ്, റാഫ്റ്റ് രീതികൾ എന്നിവ സിഎംഎഫ്ആർഐയുടെ സ്റ്റാളിൽ പ്രദർശിപ്പിച്ചിരുന്നു.  ഇന്ത്യൻ കടൽതീരങ്ങളിൽ കാണപ്പെടുന്ന തദ്ദേശീയവും വിദേശിയുമായ വിവിധയിനം പായൽ വർഗ്ഗങ്ങളെയും വിദഗ്ധർ പരിചയപ്പെടുത്തി. 

കടൽപായൽ കൃഷി, മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം, വിപണനം എന്നിവയെ ബന്ധിപ്പിക്കുന്ന ഒരു പ്രധാന വേദിയായി ഈ ഉച്ചകോടി മാറി. തീരദേശവാസികൾക്ക്, പ്രത്യേകിച്ച് മത്സ്യത്തൊഴിലാളികൾക്കും സ്ത്രീകൾക്കും സുസ്ഥിരമായ ഉപജീവനമാർഗ്ഗം ഉറപ്പാക്കാൻ ഈ മേഖലയ്ക്ക് സാധിക്കുമെന്ന് വിദഗ്ധർ വിലയിരുത്തി. 

ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ്, സിഎംഎഫ്ആർഐ, സെൻട്രൽ സാൾട്ട് മറൈൻ കെമിക്കൽസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവർ സംയുക്തമായാണ്  രണ്ടു ദിവസത്തെ എക്്‌സ്‌പോയും ഉച്ചകോടിയും സംഘടിപ്പിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img